തൃശ്ശൂർ: ആൽമരം വീണുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശ്ശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി 24/04/21 ശനിയാഴ്ച സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ ആഘോഷ ചടങ്ങുകൾ സമാപിച്ചത്. 23/04/21 വെളളിയാഴ്ച അർധരാത്രിയോടെയാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണ് അപകടമുണ്ടായത്. രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്.
ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും ശനിയാഴ്ച രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശ്ശൂർ പൂരം രാവിലെ എട്ടരയോടെ സമാപിച്ചത്. ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ് തിരുവമ്പാടിയും പാറമേക്കാവും എഴുന്നള്ളിയത്. തിരുവമ്പാടി നേരത്തെ തന്നെ ഒരാനപ്പുറത്ത് എഴുന്നള്ളും എന്ന് വ്യക്തമാക്കിയിരുന്നു.
അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് 15 ആനകളെ വച്ചു നടത്താനിരുന്ന എഴുന്നള്ളത്ത് ഒരാനയെ വച്ചാണ് നടത്തിയത്.