കോഴിക്കോട് : 2019 കാലാവധി അവസാനിച്ച നടൻ വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനായി വീടിനടുത്തുള്ള കോവൂർ നസീറ ഡ്രൈവിംഗ് സ്കൂളിൽ എല്പിച്ച ലൈസൻസ് വ്യാജ തട്ടിപ്പിനിരയായി . പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ പുതുക്കാൻ നൽകിയ ലൈസൻസ് നഷ്ടപ്പെട്ടതിനെ തുടർന്നുള്ള സംഭവവികാസങ്ങൾ ആണെങ്കിൽ അതിനെ വെല്ലുന്ന തരത്തിലുള്ള തിരക്കഥയാണ് നടൻ വിനോദ് കോവൂരിന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്.
കാലാവധി കഴിഞ്ഞ ഒരുവർഷം ആയതിനാൽ റോഡ് ടെസ്റ്റ് ഉൾപ്പെടെ നടപടിക്രമം വേണം എന്ന് പറഞ്ഞ് ഡ്രൈവിംഗ് സ്കൂൾ അധികൃതർ 6300 രൂപ ഫീസ് വാങ്ങിച്ചു ലൈസൻസ് ഉടൻ ശരിയാക്കാമെന്ന് എന്ന് പറയുകയായിരുന്നു. പിന്നെ ഇതിനെല്ലാം ശേഷം വിനോദ് ഷൂട്ടിങ്ങിനായി കൊച്ചിയിൽ പോവുകയും ചെയ്തു. ഇതിനിടെയാണ് നടനെ ഞെട്ടിച്ചു കൊണ്ടുള്ള ട്വിസ്റ്റ് വന്നത്.
കോഴിക്കോട് സൈബർ സെല്ലിൽ നിന്നും ഫോണിൽ വിളിച്ചിട്ട് വിനോദ് താങ്കളുടെ ലൈസൻസ് വ്യാജമായി പുതുക്കിയിട്ടുണ്ട് എന്ന് ചോദിക്കുകയായിരുന്നു. ഞാൻ ലൈസൻസ് പുതുക്കാൻ നൽകി എന്നല്ലാതെ ഒന്നും അറിയില്ല എന്ന് പറഞ്ഞതോടെ സംഭവകഥ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
കോവൂർ നസീറ ഡ്രൈവിംഗ് സ്കൂൾ അധികൃതർ മാർച്ച് 1 ന് 8 മണിക്കും 8 – 40 നും ഇടയിൽ സാരഥി വെബ്സൈറ്റിൽ കയറി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി വി രതിഷിന്റ യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് അദ്ദേഹം അറിയാതെ ലോഗിൻ ചെയ്ത് വിനോദിന്റ ലൈസൻസ് പുതുക്കുക ആയിരുന്നുവത്രേ.
നാലുതവണ ലോഗിൻ ചെയ്തെന്ന് രതീഷിന് മൊബൈൽ സന്ദേശം ലഭിച്ചതോടെ സംശയംതോന്നിയ അദ്ദേഹം ആർ ടി ഒ ക്ക് പരാതി നൽകുകയായിരുന്നു. ആർ ടി ഓ യുടെ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയും വിനോദ് കോവൂരിന്റെ ലൈസൻസ് ആണ് പുതുക്കിയത് എന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ ആർടിഒ പരാതി സൈബർ സെല്ലിന് കൈമാറുകയായിരുന്നു.
അവരുടെ ശാസ്ത്രീയ അന്വേഷണത്തിൽ നസീറ ഡ്രൈവിംഗ് സ്കൂളിൻറെ ഐപി യിലൂടെയാണ് വെബ്സൈറ്റിൽ കയറിയത് എന്നു് കണ്ടെത്തുകയും ഡ്രൈവിംഗ് സ്കൂളിലെത്തിയ പോലീസ് ഹാർഡ്ഡിസ്കും മോഡവും ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. ഹാർഡ് ഡിസ്കിലെ വിവരങ്ങൾ ഡിലീറ്റ് ആക്കിയതിനാൽ ഇവ വീണ്ടെടുക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൻറെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർനടപടി ഉണ്ടാവുകയുള്ളൂ.
കുറ്റം ചെയ്തിരിക്കുന്നത് ഡ്രൈവിംഗ് സ്കൂൾ അധികൃതർ ആണെങ്കിലും പുലിവാലു പിടിച്ചത് വിനോദ് കോവൂർ ആണ് . കാലാവധി കഴിഞ്ഞ ലൈസൻസിന്റ പേരിൽ വലിയ തട്ടിപ്പ് ഉണ്ടായതോടെ ഇത് ഹൈദരാബാദിലെ സർവറിൽ നിന്നും റദ്ദാക്കിയ ശേഷം മാത്രമേ പുതിയ ലൈസൻസിന് അപേക്ഷിക്കാൻ കഴിയുകയുള്ളു എന്നാണ് വിനോദിന് ലഭിച്ച ഉപദേശം. കാലതാമസം ഉണ്ടാകും എന്നതിനാൽ അതുവരെ താൽക്കാലിക ലൈസൻസ് ലഭിക്കുമോ എന്ന് അറിയാൻ അടുത്തദിവസം ആർടിഒ യെ സമീപിക്കുമെന്ന് വിനോദ് പറഞ്ഞു.