കൊട്ടാരക്കര: റോഡരുകില്‍ മാലിന്യം തളളുന്നവരെ കണ്ടെത്താന്‍ ജനകീയ കൂട്ടായ്മ . ഒരാഴ്ച മുമ്പ് കൊട്ടാരക്കര പെരുംകുളത്ത് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരത്ത് റോഡരുകില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പയെയുളള മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജനകീയകൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പോലീസിനും മറ്റധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടാകാഞ്ഞ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് കൂട്ടായ്മതന്നെ മുന്നിട്ടിറങ്ങുകയായിരുന്നു.
ജനകീയ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍തന്നെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് മാലിന്യം തളളിയവരെ കണ്ടെത്തുകയും തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കുകയുമായിരുന്നു. കുറ്റക്കാരെ പോലീസില്‍ വിളിച്ചുവരുത്തി . പോലീസിന് മുന്നില്‍ നടത്തിയ ചര്‍ച്ചപ്രകാരം പ്രതികള്‍ കുറ്റം സമ്മതിച്ചതേടെ പരാതി പിന്‍വലിക്കാമെന്ന് കൂട്ടായ്മ പറഞ്ഞു. എന്നാല്‍ ഒരു നിബന്ധന വച്ചു. മാലിന്യം തളളിയവര്‍തന്നെ അത് വാരി മാറ്റണമന്ന്. പകരം അവരുടെ കൈകൊണ്ടുതന്നെ ഒരു തണല്‍മരം നടണം. തെറ്റ് ചെയ്തവര്‍ ഇത് സമ്മതിച്ചതോടെ മാലിന്യം തളളുന്നവര്‍ക്കെല്ലാം ഒരു മുന്നറിയിപ്പായി ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
മാലിന്യം തളളിയവര്‍ കൊട്ടാരക്കര നഗരസഭാ കൗണ്‍സിലര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ അവശി്ടങ്ങള്‍ വാരിമാറ്റുകയും ഒരു നെല്ലിമരം നടുകയും ചെയ്തു.