ബെയ്ജിങ്: നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതു സംബന്ധിച്ച സമവായം ചൈന അവഗണിക്കുകയാണെന്നു ഇന്ത്യ.സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമവായത്തിന്റെ പ്രാധാന്യം മൂടിവയ്ക്കാന്‍ ചൈന ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി ആരോപിച്ചു. കിഴക്കന്‍ ലഡാക്കില്‍നിന്നു ചൈനീസ് സൈന്യം പൂര്‍ണമായി പിന്‍മാറണമെന്നും മിസ്രി ആവശ്യപ്പെട്ടു. നയതന്ത്രപരവും സൈനികവുമായ ചര്‍ച്ചകള്‍ സ്ഥായിയായി നിലനിര്‍ത്തുകയാണു പ്രധാനം. സംഘര്‍ഷമേഖലകളില്‍നിന്നു പിന്‍വാങ്ങാന്‍ ഇരുരാജ്യങ്ങളിലെയും മുതിര്‍ന്നനേതാക്കള്‍ തമ്മില്‍ ധാരണയുണ്ട്. ഉഭയകക്ഷിബന്ധത്തിലെ ഘട്ടംഘട്ടമായുള്ള പുരോഗതിക്കുള്ള ആദ്യപടിയാണിതെന്നും മിസ്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സും ചൈനീസ് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ അഫയേഴ്‌സുമായി 15നു നടന്ന വെര്‍ച്വല്‍ ചര്‍ച്ചയിലാണ് ഈ അഭ്യര്‍ഥന. ബഹുധ്രുവലോകത്തു മറ്റ് രാജ്യങ്ങളുമായി കരാറില്ലാതെ ഒരു രാജ്യത്തിനും സ്വന്തമായ അജന്‍ഡ നിശ്ചയിക്കാനാവില്ലെന്നും ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി (ബി.ആര്‍.ഐ)യെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ബി.ആര്‍.ഐയുടെ ഭാഗമായി ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പാക് അധിനിവേശ കശ്മീരിലൂടെ നിര്‍മിക്കുന്നതില്‍ ഇന്ത്യ നിരവധി തവണ ആശങ്ക പ്രകടിപ്പിച്ചിരുന്നു.