ന്യൂ ഡല്‍ഹി: ഹൈക്കോടതികളില്‍ കേസുകള്‍ കെടിക്കിടക്കുന്ന സാഹചര്യത്തില്‍ വിരമിച്ച ജഡ്‌ജിമാരെ അഡ്‌ഹോക്ക് ജഡ്‌ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്‌റ്റീസ് എസ്‌എ ബോബ്‌ഡേ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അനുമതി നല്‍കി. ഹൈക്കോടതികളില്‍ ജഡ്‌ജിമാരുടെ ഒഴിവ് മൂലം കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ 224 എ വകുപ്പുപ്രകാരം ,വിരമിച്ച ജഡ്‌ജിമാരെ അഡ്‌ഹോക്ക് ജഡ്‌ജിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് പ്രഹാരി എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അഡ്‌ഹോക്ക് ജഡ്‌ജിമാര്‍ സ്ഥിരം ജഡ്‌ജിമാരുടെ നിയമനത്തിന് പകരമല്ലെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ഹൈക്കോടതികളിലെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് ഉത്തരവെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ അനുമതിയോടെ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് വിരമിച്ച ജഡ്‌ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കുന്നതാണ് ഭരണഘടനയുടെ 224 എ വകുപ്പ്. നിയമനത്തിനായി സുപ്രീം കോടതി മാര്‍ഗ രേഖയും പുത്തിറക്കി.
ഹൈക്കോടതികളില്‍ ആകെ ജഡ്‌ജിമാരുടെ 20 ശതമാനത്തിലധികം കുറവുവന്നാല്‍ മാത്രം അഡ്‌ഹോക്ക് ജഡ്‌ജിമാരെ നിയമിക്കാം. പ്രത്യേക പരിഗണന ആവശ്യുളളതും 5 വര്‍ഷത്തില്‍ കൂടുതലായി പരിഗണനയിലിരിക്കുന്നതുമായ കേസുകള്‍ തീര്‍പ്പാക്കാന്‍, കോടതികളിലെ 10 ശതമാനത്തിലേറെ കേസുകല്‍ അഞ്ചുവര്‍ഷത്തിധികം പഴക്കമുളളതാണെങ്കില്‍ എന്നീ കാരണങ്ങളാല്‍ ഹൈക്കോടതിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് 2 മുതല്‍ അഞ്ചുവരെ അഡ്‌ഹോക്ക് ജഡ്‌ജിമാരെ നിയമിക്കാം. .അലവന്‍സുകളും ആനുകൂല്യങ്ങളും സ്ഥിരം ജഡ്‌ജിമാരുടേതിന് തുല്യമായിരിക്കും.
ഹൈക്കോടതികളിലെ ജഡ്‌ജിമാരുടെ ഒഴിവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊളീജിയം ശുപാര്‍ശ ചെയ്‌തവരുടെ നിയമനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തരുതെന്ന് ചീഫ് ജസ്‌റ്റീസ് എസ്‌എ ബോബ്‌ഡേ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. കൊളീജിയം തീരുമാനങ്ങളില്‍ അതൃപ്‌തിയുണ്ടെങ്കില്‍ ആ വിവരം സുപ്രീം കോടതിയെ അരിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

