സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിൽ സിപിഐഎം പഞ്ചായത്തംഗം അറസ്റ്റില്‍, ജോലി വാഗ്ദാനം ചെയ്ത് പത്തോളം യുവാക്കളില്‍ നിന്ന് തട്ടിയത് 25 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. സിപിഐഎം പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ടി രതീഷ് (32) ആണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡില്‍ എടുത്ത രതീഷിനെ 17/04/21 ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമാണ് രതീഷ്.

ബെവ്‌കോ, KTDC എന്നിവടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തോളം യുവാക്കളില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു കേസ്. രതീഷും, രണ്ടാം പ്രതി ഷാജു പാലിയോടും ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. യുവാക്കളില്‍ നിന്ന് പിരിച്ചെടുത്ത തുക കൂട്ടുപ്രതിയായ ഷാജു പാലിയോട് വഴി സരിതയ്ക്ക് കൈമാറിയതായി ഇയാള്‍ സമ്മതിച്ചതായി നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.

സരിത എസ് നായര്‍ തങ്ങളെ വിളിച്ച ഫോണ്‍ കോളിന്റെ ശബ്ദ സന്ദേശവും പരാതിക്കാര്‍ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോലി നല്‍കാമെന്ന് കാണിച്ച് ഇരുവരില്‍ നിന്നും പണം കൈപറ്റിയത്. ഇരുവര്‍ക്കും പ്രതികള്‍ വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നു. രണ്ടാം പ്രതിയായ ഷാജുവിനായി തെരച്ചില്‍ ശക്തമാക്കിയെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →