തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 16/04/21 വെള്ളിയാഴ്ച ചേർന്ന സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവില്‍ നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ പിവി അബ്ദുള്‍ വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ചെറിയാന്‍ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിര്‍ദേശിക്കുകയായിരുന്നു.
ഇതിന് പുറമേ ഇപി ജയരാജന്‍, തോമസ് ഐസക്, എകെ ബാലന്‍, ജി സുധാകരന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു.