കിഴക്കമ്പലത്ത് സര്‍ക്കാര്‍ഫണ്ട് ദുര്‍വിനിയോഗമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

എറണാകുളം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കിറ്റക്‌സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. കിറ്റക്‌സ് എംഡി സാബു ജേക്കബ്ബിന്റെ ഉടമസ്ഥതയിലുളള ഭൂമിയോട് ചേര്‍ന്ന തോടുകളുടെ അരിക് കെട്ടാന്‍ ഫണ്ട് ഉപയോഗിച്ചുവെന്നും ഇന്റലിജന്‍സ് മേധാവി അഭ്യന്തര അഡീഷണല്‍ സെക്രട്ടറിക്ക് കൈമാറിയ റിപ്പേര്‍ട്ടില്‍ പറയുന്നു.

കിറ്റക്‌സ് കമ്പനി സ്ഥിതിചെയ്യുന്നതിനോട് ചേര്‍ന്ന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചുവെന്ന കണ്ടെത്തലും ഉണ്ട്. ഇത് പ്രാഥമീക പരിശോധനക്കായി തദ്ദേശ ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. പഞ്ചായത്തിലെ വികസന ഫണ്ടിന്റെ ഉപയോഗം നിരീക്ഷിക്കണമെന്നും ഇന്റലിജന്‍സ് ശുപാര്‍ശ ചെയ്തു. പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തത് സംബന്ധിച്ച നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് ഇന്റലിജന്‍സ് എറണാകുളം സംഘം പരിശോധന നടത്തിയത്. കിഴക്കമ്പലം പുക്കാട്ടുപടി പിഡബ്ല്യു റോഡിന് സ്ഥലം ഏറ്റെടുത്തതിന് ഭൂവുടമകള്‍ക്ക് പ്രതിഫലം നല്‍കിയിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →