കോവിഡ് പ്രതിരോധം: ചികിത്സാ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി

കൊല്ലം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍  ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധവും ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്. കോവിഡ് പോസിറ്റീവായി ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സയും അനുബന്ധ നടപടിക്രമങ്ങളും സമയബന്ധിതമായി ഏകോപിപ്പിക്കാനാണ് ആരോഗ്യ വകുപ്പ്, പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക് ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുന്നതെന്നും കലക്ടര്‍ വിശദമാക്കി.

ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിലും ബീച്ചുകളിലും പാര്‍ക്കുകളിലും മാനദണ്ഡ പാലനം കര്‍ശനമാക്കി. പാര്‍ക്കുകളിലെ സന്ദര്‍ശന സമയം വൈകുന്നേരം ആറു വരെ നിജപ്പെടുത്തി. വാഹനനിയന്ത്രണം, അനൗണ്‍സ്മെന്റുകള്‍ എന്നിവ കൃത്യമായി നടത്തും. പൊതുസ്ഥലങ്ങളില്‍ കുട്ടികളുമായി പോകുന്നത് ഒഴിവാക്കണം.

വിവാഹം പോലുള്ള ചടങ്ങുകളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ആള്‍കൂട്ടം ഉണ്ടാകാന്‍ പാടില്ല,  കലക്ടര്‍ അറിയിച്ചു. താലൂക് തലത്തില്‍ നടക്കുന്ന പരിശോധനകളും നിരീക്ഷണങ്ങളും ഊര്‍ജിതമാക്കുവാനും നിര്‍ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →