ആലപ്പുഴ: അംഗപരിമിതർക്കും 80 കഴിഞ്ഞവർക്കും ആശ്വാസം; പോളിങ് സ്‌റ്റേഷനിലെത്താൻ വാഹനമൊരുക്കി

ആലപ്പുഴ: ജില്ലയിലെ അംഗപരിമിതരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനസൗകര്യമടക്കം വനിതാ ശിശു വികസന വകുപ്പ് സജ്ജമാക്കിയിരുന്നു. ജില്ലയിൽ 3,127 അംഗപരിമിതരാണ് സുഗമമായി പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. 301 ഓട്ടോറിക്ഷകൾ, നാല് ബോട്ടുകൾ എന്നിവയാണ് ജില്ലയിലെ 72 പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി ഒരുക്കിയിരുന്നത്. 40 ശതമാനത്തിലധികം വൈകല്യമുളളവരും സ്പെഷൽ പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ചിട്ടില്ലാത്തവരുമായ അംഗപരിമിതരുടെ പട്ടിക ശിശുവികസന പദ്ധതി ഓഫീസ് മുഖേന ശേഖരിച്ചിരുന്നു. വാഹന സൗകര്യം ആവശ്യമുള്ളവർക്ക് പട്ടിക പ്രകാരം ബന്ധപ്പെട്ട് വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള സമയക്രമം അനുവദിച്ചു നൽകുകയായിരുന്നു. അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ഇവരെ പോളിങ് ബൂത്തിലെത്തിച്ചത്.
അംഗപരിമിതരെ കൂടാതെ സ്പെഷൽ പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ചിട്ടില്ലാത്ത 80 വയസിന് മുകളിൽ പ്രായമുളളവരിൽ വാഹന സൗകര്യം ആവശ്യപ്പെട്ടിട്ടുളള എല്ലാവരെയും ഇത്തരത്തിൽ ബൂത്തുകളിലെത്തിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് സഹായിച്ചു.

നോഡൽ ഓഫീസറും ജില്ലാതല ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ വി. ലേഖ, അസിസ്റ്റന്റ് നോഡൽ ഓഫീസർ അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം വഹിച്ചു. ജില്ലാതലത്തിൽ ഐ.സി.ഡി.എസ് സെൽ ഓഫീസിലെ ജീവനക്കാരും ഐ.സി.ഡി.എസ്. പ്രോജക്ട് തലത്തിൽ ശിശുവികസന പദ്ധതി ഓഫീസർമാരും പഞ്ചായത്ത്/ മുനിസിപ്പൽ തലത്തിൽ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →