മലപ്പുറം: പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലാത്താണിയില്‍ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. തൊടുപുഴ കല്ലൂര്‍ കുടിയകത്ത് ആന്റോ(20) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് കാഞ്ഞിരമുക്ക് വാലിയില്‍ ഭരതന്റെ മകന് അമലിനെ(20) പ്രഭാത സവാരിക്കിടെ കാഞ്ഞിരമുക്കിലെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെഞ്ചുവേദനയാകാം മരണ കാരണമെന്നായിരുന്നു നിഗമനം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തി. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, പരസ്യ ബോര്‍ഡ് കൊണ്ടുപോകുന്ന പിക്കപ്പ് വാനിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
എണാകുളത്തുവച്ച് ഡ്രൈവറേയും വാഹനത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തുനിന്നും കോഴിക്കോട്ടേയ്ക്ക് പരസ്യ ബോര്‍ഡുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ അമലിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നല്കി.

