അലിഗഡ് : പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു. 2019 ഫെബ്രുവരിയിലാണ് 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 28 കാരന്‍ അറസ്റ്റിലാവുന്നത്. രണ്ടര വര്‍ഷക്കാലമാണ് അയാള്‍ ജയിലില്‍ കഴിയേണ്ടി വന്നത്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . പ്രതി പ്രണയാഭ്യര്‍ത്ഥനയുമായി മകള്‍ക്കു പിന്നാലെ നടക്കുകയായിരുന്നെന്നും പിതാവ് പോലീസിനോട് പറഞ്ഞു. ഇയാളില്‍ നിന്നാണ് മകള്‍ ഗര്‍ഭിണിയായതെന്ന് ആരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാല്‍ ഏഴുമാസം ആയപ്പോഴാണ് പുറത്തറിഞ്ഞതെന്ന് പിതാവിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.
പ്രതിയുടെ അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ച കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. കൃത്യമായ അന്വേഷണം നടത്താതെയാണ് തന്റെ കക്ഷിയെ ജയിലിലടച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. പോക്‌സോ കോടതിയിലാണ് വിചാരണ. കേസില്‍ ഇനിയും കുറ്റം ചുമത്തിയിട്ടില്ല. ഡിഎന്‍എ പരിശോധനയുടെ പാശ്ചാത്തലത്തില്‍ തുടര്‍ന്ന് എന്തുചെയ്യാനാവുമെന്ന് പരിശോധിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ഡിഎന്‍എ പരിശോധനയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യ പ്പെടുമെന്നും പിതാവ് പറഞ്ഞു.