വീടാക്രമിച്ചത് സി പി എം – ഡിവൈഎഫ്ഐ ഗുണ്ടകളാണെന്ന് അരിതാ ബാബു

കൊല്ലം: വീടാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം കൊണ്ട് കെട്ടിപൊക്കിയ വീടാണ് തല്ലിതകര്‍ത്തതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അരിത പറഞ്ഞു. തന്റെ വീട് ആക്രമണത്തിന് പിന്നില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളാണെന്നും അരിത ആരോപിച്ചു.

31/03/21 ബുധനാഴ്ച വൈകുന്നേരമായിരുന്നു അരിതയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ബാനര്‍ജി സലിം എന്ന ആളാണ് വീട്ടിലെത്തി ജനല്‍ചില്ല് തകര്‍ത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കായംകുളത്തെ യു ഡി എഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടാക്രമിച്ചതിലൂടെ സി പി എം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്ന് പ്രതികരിച്ച് കെ സി വേണുഗോപാല്‍ എം പി രംഗത്തെത്തി. ഇല്ലായ്മകളോട് പടവെട്ടി പൊതുപ്രവര്‍ത്തന രംഗത്ത് ചുവടുറപ്പിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളായ അരിതാ ബാബുവിന് പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളി പിടിച്ചാണ് സിപിഐഎം ഇത്തരം അതിക്രമങ്ങള്‍ക്ക് മുതിരുന്നത്. സമാനമായ രീതിയില്‍ മാനന്തവാടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെയും സിപിഐഎമ്മുകാര്‍ ആക്രമണം അഴിച്ചു വിടുകയുണ്ടായി. എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചു തിരഞ്ഞെടുപ്പില്‍ പോലും അക്രമരാഷ്ട്രീയം നടപ്പിലാക്കാനാണ് സിപി എം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തിലെ പൊതു സമൂഹം ഈ രാഷ്ട്രീയ അസഹിഷ്ണുതക്ക് ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

അരിതയുടെ വീടിന് നേരെ ആക്രമണം നടത്തിയത് എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതില്‍ പ്രതിഷേധിച്ച് നാളെ കായംകുളത്ത് യുഡിഎഫ് പ്രതിഷേധദിനം ആചരിക്കും. അതേസമയം, ആക്രമണം നടത്തിയാളുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി സിപി ഐഎമ്മും രംഗത്തെത്തി.

കോണ്‍ഗ്രസ് പറയുന്നത് പോലെ ഒരു നിര്‍ധന കുടുംബത്തിലെ അംഗമല്ല അരിത ബാബുവെന്നായിരുന്നു ആക്രമണം നടത്തിയ ബാനര്‍ജി സലിം ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചത്. ഇതിന് ശേഷമായിരുന്നു ഇയാള്‍ അരിതയുടെ വീടിന്റെ ചില്ല് തകര്‍ത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →