പാലക്കാട്: സ്വര്‍ണ്ണക്കള്ളക്കടത്ത്, ശബരിമല, പിന്‍വാതില്‍നിയമനം, അക്രമരാഷ്ട്രീയം മുതലായ വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസികള്‍ക്കെതിരെ നീക്കം നടത്തി കേരളത്തിന്റെ സംസ്‌കാരം നശിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇടതുപക്ഷത്തുനിന്നും യുഡിഎഫില്‍ നിന്നുമുണ്ടായതെന്നും വിശ്വാസകള്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തിയ കേരളസര്‍ക്കാര്‍ ലജ്ജിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 30/03/21 ചൊവ്വാഴ്ച പാലക്കാട് എൻ ഡി എ യുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി.
കേരളത്തിന്റെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ച് പോരാടിയ ഒരു പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാലക്കാടിന്റെ മണ്ണില്‍ സംസാരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നതായും മോദി വ്യക്തമാക്കി.
“എല്‍ഡിഎഫും യുഡിഎഫും മാറിമാറി വന്ന് കൊള്ളയടിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനാകുന്നത്. അഞ്ച് വര്‍ഷം ഒരു കൂട്ടര്‍ കൊള്ളയടിക്കുന്നു. പിന്നീടുള്ള അഞ്ച് വര്‍ഷം അടുത്ത കൂട്ടര്‍ വരുന്നു. ഇന്ത്യയില്‍ പലയിടത്തും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമായി ഈ ശത്രുത ഇല്ല. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിനെ മുന്‍പ് ഇടതുപാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു. അണിയറയ്ക്ക് പിന്നില്‍ നടക്കുന്ന നാടകങ്ങള്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെടുകയാണ്. പശ്ചിമബംഗാളില്‍ ഇരുപാര്‍ട്ടികളും ചങ്ങാത്തത്തിലാണ്. വ്യത്യസ്ത പേരുകള്‍ ആണെങ്കിലും രണ്ട് കൂട്ടരും ചെയ്യുന്നത് ഒരേ പ്രവൃത്തികള്‍ തന്നെയാണ്. യുഡിഎഫുകാര്‍ സൂര്യരശ്മികളെപ്പോലും വിറുതെവിട്ടില്ല. യൂദാസ് യേശുക്രിസ്തുവിനെ ഏതാനും വെള്ളിക്കാശിനുവേണ്ടി ഒറ്റുകൊടുത്തതുപോലെ ഏതാനും സ്വര്‍ണ്ണക്കട്ടികള്‍ക്കു വേണ്ടി കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒറ്റുകൊടുത്തു.”
നരേന്ദ്ര മോദി പറഞ്ഞു.

