ബംഗളൂരു: 29/03/21 തിങ്കളാഴ്ച 16 മരണം രേഖപ്പെടുത്തിയതോടെ കൊവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് എല്ലാത്തരം പ്രതിഷേധങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി യെദ്യൂയൂരപ്പ അറിയിച്ചു.
അടുത്ത 14 ദിവസത്തേക്ക് പ്രതിഷേധ റാലികളുടെയോ പൊതുസമ്മേളനമോ മതസമ്മേളനങ്ങളോ ഒത്തുചേരലുകളോ, പാര്‍പ്പിട സമുച്ചയങ്ങളിലെ കൂട്ടായ്മകളോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവില്‍ കൊവിഡ് കേസുകള്‍ അപകടകരമായ തോതില്‍ ഉയരുകയാണ്. ഇത് ആശങ്കാജനകമാണ്. ദിവസേന ശരാശരി ആയിരത്തിലേറെ കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കാനും തയ്യാറാവണം. മാസ്ക് ധരിക്കാത്താവര്ക്കെതിരേ നാളെ മുതല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിപറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2792 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൈറസ് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുഖ്യമന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും സംസ്ഥാന സാങ്കേതിക ഉപദേശക സമിതിയിലെ (ടിഎസി) വിദഗ്ധരുമായും ചര്‍ച്ച നടത്തി. സ്കൂളുകളും കോളജുകളും അടച്ചുപൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. സ്കൂളുകളില്‍ ടെസ്റ്റുകള്‍ നടത്തുന്നത് എളുപ്പമാണെന്ന് മനസ്സിലാക്കിയാണ് സ്കൂളുകള്‍ അടച്ചുപൂട്ടരുതെന്ന സര്‍ക്കാരിന്റെ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ്കുമാര്‍ വ്യക്തമാക്കി. 15-20 ദിവസം സ്കൂളുകള്‍ അടച്ചിടണമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിച്ചത്. സ്കൂളുകളില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ അവിടെ സുരക്ഷിതരാണെന്നും പരീക്ഷകള്‍ നടത്തുന്നത് എളുപ്പമാണെന്നും പൊതുവായ അഭിപ്രായമുയരുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

