കന്യാസ്​ത്രീകൾ ആക്രമിക്ക പ്പെട്ടുവെന്നത്​ ആരോപണം മാത്രമെന്ന്​ കേന്ദ്രമന്ത്രി പിയൂഷ്​ ഗോയൽ, എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമെന്നും മന്ത്രി

തിരുവനന്തപുരം: ത്സാൻസിയിൽ വെച്ച്​ കന്യാസ്​ത്രീകൾ ആക്രമിക്കപ്പെട്ടുവെന്നത്​ ആരോപണം മാത്രമാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ്​ ഗോയൽ. ട്രെയിനിൽ ഉണ്ടായിയെന്ന്​ പറയുന്ന സംഭവം യാത്രക്കാരെ സംബന്ധിച്ച സംശയം ദുരീകരിക്കുക മാത്രമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

“പരാതിയുടെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകളുടെ രേഖകൾ പരിശോധിച്ചിരുന്നു. എന്നാല്‍, യാത്രക്കാർ ആരാണെന്ന് വ്യക്തമായപ്പോള്‍ അവരെ യാത്ര തുടരാന്‍ അനുവദിച്ചു. ” അദ്ദേഹം പറഞ്ഞു.

എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.

മലയാളിയടക്കമുള്ള കന്യാസ്​ത്രീകളെയും ട്രെയിനിൽ കൂടെ യാത്ര ചെയ്യുന്നവരെയും ത്സാൻസിയിൽ വെച്ച്​ ഒരു സംഘം അഞ്ചു മണിക്കൂറോളം തടഞ്ഞുവെച്ചത്​ വിവാദമായിരുന്നു. ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ പ്രവർത്തകർ ഋഷികേശിൽ നിന്ന്​ പഠന ക്യാമ്പ്​ കഴിഞ്ഞുവരുന്ന വഴി പൊലീസ്​ സാന്നിധ്യത്തിൽ കന്യാസ്​ത്രീകളെ ആക്രമിക്കുകയായിരുന്നു. മതംമാറ്റാൻ നടക്കുന്നവർ എന്ന്​ ആരോപിച്ചായിരുന്നു സംഘം കന്യാസ്​ത്രീക​ളെ തടഞ്ഞുവെച്ചത്​.

സംഭവം വിവാദമായതിനിടെ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ അന്വേഷിച്ച്​ നടപടിയെടുക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം മറ്റു രാഷ്​ട്രീയ നേതൃത്വങ്ങളും നടപടി ആവശ്യപ്പെട്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →