കൊൽക്കത്ത: നിയമസഭയിലേക്കുള്ള ഒന്നാം ഘട്ടം പോളിംഗ് നടന്നു കഴിഞ്ഞ പശ്ചിമ ബംഗാളിൽ നിലനിൽക്കുന്നത് യുദ്ധസമാന സാഹചര്യം. രാഷ്ട്രീയ സംഘർഷങ്ങൾക്കു പുറമേ മാവോയിസ്റ്റ് ഭീഷണിയും മിക്ക പ്രദേശങ്ങളിലും നിലനിൽക്കുന്നുണ്ട്.
28/03/21 ഞായറാഴ്ച സൗത്ത് 24 പർഗനാസ് ജില്ലയിൽ നിന്നും വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു. നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ് കണ്ടെടുത്തത്.
നരേന്ദ്രപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാത്തിപ്പോര ഗ്രാമത്തിലെ ഒഴിഞ്ഞ ഗോഡൗണിൽ ബോംബുകൾ സൂക്ഷിച്ചിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. പിന്നീട് ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.
കുൽത്താലി പൊലീസ് സ്റ്റേഷൻ പരിധിയിലെ അനധികൃത ആയുധ നിർമാണ ശാലയിൽ നിന്നുമാണ് തോക്കുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ നിർമാണ ശാലയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബോംബുകളും തോക്കുകളും പിടിച്ചെടുത്തത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

