കണ്ണൂർ: മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം നിയോജക മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദ. ധർമ്മടത്തെ എൻഡിഎ സ്ഥാനാർത്ഥി സികെ പത്മനാഭൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ചക്കരക്കല്ലിലാണ് 27/03/21 ശനിയാഴ്ച ഒരു കിലോമീറ്ററോളം ദൂരത്തിൽ ജെ പി നദ്ദ റോഡ് ഷോ നടത്തിയത്.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും അഴിമതിയിൽ അഭിരമിക്കുകയാണെന്ന് നദ്ദ ആരോപിച്ചു. എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്വപ്നയുടെ സ്വർണ്ണക്കടത്ത് കേസും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സരിതയുടെ സോളാർ കേസും ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് സ്വർണക്കടത്ത് നടന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അന്വേഷണം സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾക്ക് നേരെ നീങ്ങിയതോടെ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികൾക്ക് എതിരായെന്നും നദ്ദ പറഞ്ഞു.
കേന്ദ്രത്തിന്റെ പദ്ധതികളിലൂടെയാണ് കേരളത്തിൽ വലിയ വികസനം എത്തുന്നതെന്ന് പറഞ്ഞ നദ്ദ, മെട്രോയ്ക്കും പാചകവാതക പൈപ്പ് ലൈനിനും പണം അനുവദിച്ചത് കേന്ദ്രമാണെന്നും പ്രതികരിച്ചു. പുറ്റിങ്ങൽ അപകടം ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിയെത്തി. പക്ഷെ, മൻമോഹൻ സിംഗിന്റെ കാലത്ത് കേരളത്തെ തിരിഞ്ഞു നോക്കിയില്ലെന്നും നദ്ദ കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തിൽ ബിജെപിയാണ് പ്രക്ഷോഭം നടത്തിയത്. കോൺഗ്രസ് വാചകമടിക്കുക മാത്രമാണ് ചെയ്തതെന്നും നദ്ദ പറഞ്ഞു.
നദ്ദയ്ക്കൊപ്പം കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും ശനിയാഴ്ച കേരളത്തിലെത്തിയിട്ടുണ്ട്.

