ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്പത്തിക സംവരണം ആയിരിക്കും നിലനല്‍ക്കുകയെന്നും സുപ്രീം കോടതി പരാമര്‍ശം. എന്നാല്‍ അത് തീരുമാനിക്കേണ്ടത് പാര്‍ലിമെന്റാണെന്നും അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. മാറാത്ത സംവരണ നിയമം ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
എന്നാല്‍ അത് അടിസ്ഥാന പരവും നയപരവുമായ കാര്യമായതിനാല്‍ പാർലിമെന്റാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. പരിഷ്‌കൃത സമൂഹത്തില്‍ ജാതി അടിസ്ഥാനത്തിലുളള സംവരണത്തെക്കാള്‍ സാമ്പത്തിക അടിസ്ഥാനത്തിലുളള സംവരണം എന്ന വാദങ്ങള്‍ സ്വീകരിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.സംവരണം ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ 1992ലെ മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണോയെന്നതില്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി.
സംവരണ പരിധി 50 ശതമാനം കടക്കാന്‍ പാടില്ലെന്നാണ് ആ വിധി. ആ തീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുളള നിരവധി സംസ്ഥാനങ്ങളുടെ വാദം. ജസ്റ്റീസ് അശോക് ഭൂഷണ് പുറമേ ജസ്റ്റീസുമാരായ എല്‍.നാഗേശ്വര റാവു, എസ് അബ്ദുല്‍ നസീര്‍,ഹേമന്ത് ഗുപ്ത,എസ് രവിചന്ദ്രഭട്ട് എന്നിവരാണ് ബെഞ്ചിലുളളത്.

