പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണം: പിതാവിനെതേടി പോലീസ്‌ തമിഴ്‌നാട്ടിലേക്ക്

തൃക്കാക്കര: പതിമൂന്നുകാരി വൈഗയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ്‌ കാക്കനാട്‌ കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീ ഗോകുലത്തില്‍ സാനു മോഹനനെ തേടി അന്വേഷണ സംഘം കോയമ്പത്തൂരിലെത്തി. എസ്‌ഐ റഫീക്കിന്റെ നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. സാനു സഞ്ചരിച്ച കാര്‍ കണ്ടെത്താനായില്ല. തൃശൂര്‍ വാളയാര്‍ ചെക്കപോസ്‌റ്റ്‌ വഴി കടന്നപോയ കാറില്‍ സാനു മാത്രമാണ്‌ ഉണ്ടായിരുന്നതെന്നാണ്‌ സിസിടിവി പരിശോധനയില്‍ വ്യക്തമായത്‌. ഈ പ്രദേശങ്ങളിലെ ക്യാമറകളും പരിശോധിക്കുന്നുണ്ട്‌.

നിരവധി ചെക്ക്‌ കേസുകളിലെ പ്രതിയായിരുന്നു സാനു മോഹന്‍. ഇതുമായി ബന്ധപ്പെട്ട ഇയാളെ പോലീസ്‌ തെരഞ്ഞുവരികയായിരുന്നു. ഇതിനിടയിലാണ്‌ ഇയാള്‍ അപ്രത്യക്ഷനാകുന്നത്‌. തൃക്കാക്കരയില്‍ ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ പതിനഞ്ചോളം പേരില്‍ നിന്ന്‌ വന്‍തുക ഇയാള്‍ കടം വാങ്ങിയിരുന്നു. വൈഗ മരിക്കുന്നതിന്‌ ഒരാഴ്‌ചമുമ്പുതന്നെ സാനുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. ഇപ്പോള്‍ അയാള്‍ പുതിയ നമ്പര്‍ എടുത്തിട്ടുണ്ടോ യെന്നതും പോലീസ്‌ അന്വേഷിക്കും. സാനുവിന്‌ 40 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും എസ്ബിഅക്കൗണ്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ സാനുവിന്റെ അക്കൗണ്ടില്‍ ഒരു രൂപ പോലുമില്ലായിരുന്നു. പണം സംബന്ധിച്ചുളള ഈ വൈരുധ്യവും പോലീസിനെ കുഴയ്ക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →