കൊച്ചി: ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആയ കുറുപ്പിന്റെ പുതിയ ടീസർ മാർച്ച് 26 ന് എത്തും. മെയ് 28 ന് തീയ്യേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രം മലയാളം തമിഴ് തെലുങ്ക് ഹിന്ദി കന്നഡ ഭാഷകളിൽ ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുക.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം 35 കോടിയുടെ മുതൽ മുടക്കിലാണ് എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
വേഫറർ ഫിലിംസും എം സ്റ്റാർ എൻട്ര ടൈൻമെന്റ്സും ചേർന്ന് ഒരുക്കുന്ന ഈ സിനിമ കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ് , ബാംഗ്ലൂർ, മൈസൂർ, എന്നിവിടങ്ങളിലായി ആറുമാസം നീണ്ടുനിന്ന ചിത്രീകരണമാണ് നടത്തിയത്. 105 ദിവസങ്ങൾ പൂർണ്ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. തിരക്കഥയും സംഭാഷണവും ഡാനിയൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് ഒരുക്കിയത്. നിമിഷ് രവി ചായാഗ്രഹണവും, സുഷിൻ ശ്യാം സംഗീത സംവിധാനവും, ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക . ഇവരെക്കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ , സണ്ണിവെയിൻ, ഷൈൻ ടോം, ചാക്കോ , വിജയരാഘവൻ , പി ബാലചന്ദ്രൻ , സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

