തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം നല്‍കാമെന്ന് നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തുവെന്ന് പി ജെ കുര്യൻ

കൊച്ചി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ ഓഫറുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയെ രണ്ട് വട്ടം തന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനമാണ് ഓഫര്‍ ചെയ്‌തെങ്കിലും നിഷേധിച്ചു. അത്രയും വലിയ ഓഫര്‍ കിട്ടിയിട്ട് ബിജെപിയില്‍ പോകാത്ത ആളാണ് താനെന്നും കുര്യന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിന് 21/03/21 ഞായറാഴ്ച നല്‍കിയ അഭിമുഖത്തിലാണ് മുന്‍ രാജ്യസഭാംഗം കൂടിയായ പി ജെ കുര്യന്റെ പ്രതികരണം.

“പാര്‍ലമെന്ററി കാര്യ മന്ത്രിയായ മുക്താര്‍ അബ്ബാസ് നഖ്വിയെ ഒരു പ്രാവശ്യമല്ല, രണ്ട് പ്രാവശ്യം എന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. എനിക്ക് തന്ന ഓഫര്‍ എന്താണെന്ന് അറിയാമോ? ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം.”
അദ്ദേഹം പറഞ്ഞു.

രാജ്യസഭാ സീറ്റ് വാങ്ങിയ ജോസ് കെ മാണി പാര്‍ട്ടിയെ വഞ്ചിച്ചാണ് എല്‍ഡിഎഫില്‍ പോയത്. ആ സീറ്റ് എനിക്ക് കിട്ടിയാല്‍ ഡെപ്യൂട്ടി ചെയര്‍മാനാകുമായിരുന്നു. അത്രയും വിലയേറിയ സീറ്റാണ് ജോസിന് കൊടുത്തത്. എന്നിട്ടാണ് ജോസ് കെ മാണി ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരില്‍ എല്‍ഡിഎഫിലേക്ക് പോയത്. കേരള കോണ്‍ഗ്രസ് മാണിയുടെ വരവ് ഇടത് മുന്നണിക്ക് നേട്ടമുണ്ടാക്കില്ല. മധ്യതിരുവതാംകൂറില്‍ പൊതുവെ ഇടതുവിരുദ്ധ രാഷ്ട്രീയമാണുള്ളത്. പാലാ സീറ്റില്‍ വരെ ജോസ് കെ മാണി ബുദ്ധിമുട്ടും. എന്‍എസ്എസ് യുഡിഎഫ് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. ശബരിമല വിഷയത്തില്‍ യുഡിഎഫാണ് വിശ്വാസികളോട് ഒപ്പം നില്‍ക്കുകയും സമാധാനം കാത്തുസൂക്ഷിക്കുകയും ചെയ്തത്. ബിജെപി വിശ്വാസികളോട് ഒപ്പം നിന്നെങ്കിലും ശബരിമലയില്‍ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →