ഗാര്‍ഹിക പീഡനത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ നൂതന പദ്ധതിയുമായി വനിത ശിശുവികസന വകുപ്പ്

പൊന്നാനി: പരാതികള്‍ എഴുതാന്‍ കഴിയാത്തവരെപ്പോലും പീഡനങ്ങളില്‍ നിന്ന് രക്ഷപെടുത്താന്‍ സഹായിക്കുന്ന നൂതന പദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്. ഗാര്‍ഹിക പീഡനത്തില്‍ നിന്നും വനിതകളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ പുതിയ പദ്ധതി. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘രക്ഷാദൂത്’ എന്ന പദ്ധതി അറിയപ്പെടുന്നത്. അതിക്രമങ്ങള്‍ക്കിരയാകുന്ന വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ ഇത് പ്രയോജനപ്പെടുത്താം.

അവര്‍ ചെയ്യേണ്ടത് അടുത്തുളള പോസ്‌റ്റോഫീസിലെത്തി ‘തപാല്‍’ എന്ന കോട് പറഞ്ഞാല്‍ പോസ്റ്റ് മാസ്റ്ററുടെ സഹായത്തോടെ പിന്‍കോട് സഹിതമുളള സ്വന്തം മേല്‍വിലാസമെഴുതിയ പേപ്പര്‍ ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാം. വെളളപേപ്പറില്‍ പൂര്‍ണ്ണ മേല്‍വിലാസമെഴുതി പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ കവറിന് പുറത്ത് തപാല്‍ എന്ന് രേഖപ്പെടുത്തണം. സ്റ്റാമ്പ് പതിക്കേണ്ടതില്ല. ഇത്തരത്തില്‍ ലഭിക്കുന്ന മേല്‍വിലാസമെഴുതിയ പേപ്പറുകള്‍ പോസ്റ്റ്മാസ്റ്റര്‍ സ്‌കാന്‍ ചെയ്ത് വനിതാ ശിശുവികസന വകുപ്പിന് ഇ-മെയില്‍ വഴി അയച്ചുകൊടുക്കും.

ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫീസര്‍മാരും കുട്ടികള്‍ക്കായുളള പരാതികള്‍ ജില്ലാ ശിശുവികസന ഓഫീസര്‍മാരും അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കും. മേല്‍ വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നതിനാല്‍ പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നില്ല. സര്‍ക്കിള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി വനിതാ ശിശുവികസന വകുപ്പ് ഒപ്പുവച്ച ധാരണാ പത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →