ന്യൂഡല്‍ഹി: ആന്‍ഡമാന്‍ ദ്വീപുകളില്‍ കണ്ടെത്തിയ കാന്ഡിഡ ഓറിസ് -സി. ഓറിസ് എന്ന ഫംഗസ് കൊവിഡിന് സമാനമായ മഹാമാരിയാവുമെന്ന് ആശങ്ക.രോഗങ്ങള്‍ക്കെതിരേ ഉപയോഗത്തിലുള്ള ഏതാണ്ടെല്ലാ മരുന്നുകളെയും ചെറുക്കാന്‍ കഴിവുള്ള ഫംഗാസാണിതെന്നാണ് റിപ്പോര്‍ട്ട്.
ചര്‍മത്തില്‍ പറ്റിപ്പിടിച്ചശേഷം മുറിവുകളിലൂടെ ഉള്ളില്‍ കടക്കുന്ന സി. ഓറിസ് രക്തത്തില്‍ കലര്‍ന്ന് മാരകമായ സെപ്സിസിനു കാരണമാകും. രോഗബാധ കടുത്തതിനു ശേഷം മാത്രമേ കടുത്ത പനിയും കുളിരുമടക്കമുള്ള ലക്ഷണങ്ങള്‍ പ്രകടമാകൂ. മരുന്നു കഴിച്ചാലും ഭേദമാകാത്ത ഈ ലക്ഷണങ്ങള്‍ മരണകാരണമാകുകയും ചെയ്യും. ആന്‍ഡമാനിലെ ചതുപ്പു തീരങ്ങളില്‍നിന്നും വെള്ളക്കെട്ടില്‍നിന്നും കടല്‍ത്തീരത്തുനിന്നും മറ്റുമായി മണ്ണ്, കടല്‍വെള്ളം എന്നിവയുടെ 48 സാമ്പിളുകളാണു പഠനവിധേയമാക്കിയത്. മനുഷ്യസ്പര്‍ശത്തിനു തീരെ സാധ്യതയില്ലാത്ത ഒരു ചതുപ്പില്‍നിന്നും ഒരു കടല്ത്തീരത്തുനിന്നുമാണു സി. ഓറിസിനെ വേര്‍തിരിച്ചെടുത്തത്. ലോകമാകെ വ്യാപിച്ച കോവിഡ് രോഗം സി. ഓറിസിന്റെ വിപുലമായ വ്യാപനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നു ഡല്‍ഹി സര്‍വകലാശാലയിലെ മെഡിക്കൽ മൈക്രോളജിസ്റ്റ് ഡോ. അനുരാധ ചൗധരിയുടെ നേതൃത്വത്തിലുള്ള പഠനം പറയുന്നു.

