ന്യൂഡല്‍ഹി: എല്ലാ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജീവനക്കാരുടെ താല്‍പ്പര്യം സംരക്ഷിച്ചു മാത്രമേ നിലവില്‍ പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണം നടപ്പാക്കൂവെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വകാര്യവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സമരം തുടരുന്നതിനിടെയാണു ധനമന്ത്രിയുടെ വിശദീകരണം.പൊതുമേഖലാ ബാങ്കുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ഇക്കാര്യം പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസ് നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.ബാങ്കുകള്‍ക്കു കൂടുതല്‍ ഓഹരി മൂലധനമുണ്ടാവാനും അവയ്ക്കു രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള കരുത്തുണ്ടാവാനുമാണ് സ്വകാര്യവല്‍ക്കരണമെന്നും അവര്‍ സൂചിപ്പിച്ചു.