കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവിധി തേടുന്ന ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് സുധാകരൻ 17/03/21 ബുധനാഴ്ച വൈകിട്ട് പറഞ്ഞു.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും. ധര്‍മ്മടത്തെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ധര്‍മ്മടത്തിന്റെ മാത്രം പ്രത്യേകതയെന്താണെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തിനെന്താ ചിറകുണ്ടോ എന്നും കെ സുധാകരന്‍ തിരിച്ചുചോദിച്ചിരുന്നു. പിണറായി വിജയനൊന്നും മുന്നിലെ പ്രശ്നമേ അല്ലെന്നും ഫലപ്രദമായ സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ സമയമെടുക്കും. അതിനെന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ആ കരുത്തന്‍ കെ സുധാകരനാണോ എന്നായി മാധ്യമപ്രവര്‍ത്തകര്‍. ഇതിനോട് പൊട്ടിച്ചിരിച്ചായിരുന്നു സുധാകരന്റെ മറുപടി. ഈ ചോദ്യം ഞാന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സര രംഗത്തുണ്ടാവുമോ എന്ന ചോദ്യത്തിന്, എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നായി പ്രതികരണം. ‘എവിടെ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറുള്ള ആളാണ് ഞാനെന്ന് കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അറിയാം. 16,000 വോട്ടിന് ജയിക്കാമായിരുന്ന കണ്ണൂര്‍ വേണ്ടെന്ന് വെച്ചിട്ട് പാര്‍ട്ടിക്കുവേണ്ടി ഉദുമയില്‍പോയി തോറ്റ ആളാണ് ഞാന്‍. 1980, 82, 91, 97 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഒരേ നിയോജകമണ്ഡലങ്ങളില്‍നിന്നും നാല് വട്ടം തോറ്റ ആളാണ് ഞാന്‍. എനിക്ക് തോല്‍വി ഒരു പ്രശ്നമല്ല. ആവശ്യം വന്നാല്‍ പാര്‍ട്ടിക്കുവേണ്ടി ഏത് ത്യാഗവും സഹിക്കും’, സുധാകരന്‍ വ്യക്തമാക്കി.

