കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ വിജയിക്കാനാവുമെന്ന് ലതിക സുഭാഷ് 15/03/21 തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് പ്രതികരിച്ചു.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തിട്ടില്ലെന്നും ഇനി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. വനിതകളില്‍ മത്സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെയാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടു വന്നിട്ട് കാര്യം ഇല്ലെന്നും ലതിക സുഭാഷ് പറഞ്ഞു.
14/03/21 ഞായറാഴ്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലതിക സുഭാഷ് രാജിവെച്ചത്.

