ഫറ്റോര്‍ദ: എ.ടി.കെ. മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഏഴാം സീസണിലെ ജേതാക്കളായി. മൂന്നാം വട്ടവും കപ്പുയര്‍ത്താനുള്ള എ.ടി.കെയുടെ മോഹമാണു ഇഞ്ചുറി ടൈമില്‍ ബിപിന്‍ സിങ് നേടിയ ഗോളിലൂടെ ഇല്ലാതായത്. മുംബൈ കോച്ച് സെര്‍ജിയോ ലൊബേര 4-2-3-1 ഫോര്‍മേഷനിലാണു ടീമിനെ ഇറക്കിയത്. ആഡം ലാ ഫോന്ദ്രെയാണു മുന്നില്‍ നിന്നത്. ബിപിന്‍, ബൗമസ്, റെയ്നീര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പിന്നില്‍നിന്നു. 71-ാം മിനിറ്റില്‍ ലാ ഫോന്ദ്രെ പിന്‍വലിച്ച് ഒഗ്ബാചെയെ കൊണ്ടുവന്നതു നിര്‍ണായകമായി. 3-5-2 ഫോര്‍മേഷനിലാണ് എ.ടി.കെ. കോച്ച് അന്റോണിയോ ഹാബാസ് താല്‍പര്യപ്പെട്ടത്. ഡേവിഡ് വില്യംസും റോയ് കൃഷ്ണയും മുന്നില്‍നിന്നു കളിച്ചു. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്‍ക്കുള്ള ലീഗ് ഷീല്‍ഡ് നേടിയ മുംബൈ ഈ കിരീടവും അര്‍ഹിച്ചിരുന്നു.
അവരുടെ കന്നി കിരീടമാണിത്. 18-ാം മിനിറ്റില്‍ ഡേവിഡ് വില്യംസിലൂടെ എ.ടി.കെ. ആദ്യം മുന്നിലെത്തി. 29-ാം മിനിറ്റില്‍ മുംബൈ സിറ്റിക്ക് അനുകൂലമായി ടിരിയുടെ സെല്‍ഫ് ഗോളെത്തി. ഇഞ്ചുറി ടൈമിലെ ഗോള്‍ എ.ടി.കെയുടെ വിശ്വസ്ത ഗോള്‍ കീപ്പര്‍ അരീന്ദം ഭട്ടാചാര്യയുടെ പിഴവില്‍ നിന്നായിരുന്നു. ബര്‍തലോമി ഒഗ്ബാചെയെ ലക്ഷ്യമാക്കിയുള്ള ലോങ് ബോള്‍ പിടിക്കാന്‍ അരീന്ദം മുന്നോട്ടു കയറി. പന്ത് നെഞ്ചു കൊടുത്ത് തടുത്ത് സ്വീപ്പര്‍ -കീപ്പറാകാനുള്ള ശ്രമത്തിലായിരുന്നു അരീന്ദം. തട്ടിയിട്ട പന്ത് അല്‍പ്പം മുന്നോട്ടു പോയി. തിരിച്ചു പിടിക്കും മുമ്പ് ഒഗ്ബാചെ പന്ത് കാലിലാക്കി. ടിരി, പ്രീതം കോടാല്‍ എന്നിവര്‍ തടയാനെത്തും മുമ്പേ ഒഗ്ബാചെ ബിപിന്‍ സിങ്ങിനു പാസ് ചെയ്തു. ഗോള്‍ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് ബിപിന്‍ സിങ്ങ് അനായാസം പന്തെത്തിച്ചു. അതേസമയം, ഒന്നാം പകുതിയുടെ അവസാനം സുഭാഷിഷ് റോയുമായി കൂട്ടിയിടിച്ച് തലയ്ക്കു പരുക്കേറ്റ മുംബൈ താരം അമേയ് രണവദെയ്ക്ക് പരുക്കേറ്റത് ആശങ്കയുണ്ടാക്കി. മുന്‍കരുതലെന്ന നിലയ്ക്ക് രണവദെയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

