കോഴിക്കോട്: കെഎസ് ആര്‍ടിസി ബസ് മണിക്കൂറുകളോളം വൈകിയതിനാല്‍ മണാലി ട്രിപ്പിന് പുറപ്പെട്ട ദമ്പതികള്‍ക്ക് വിമാനം നഷ്ടപ്പെട്ട സംഭവത്തില്‍ 51,552 രൂപ നഷ്ടപരിഹാരം നല്കാന് വിധിയായി. കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്താണ് വിധി പ്രസ്താവിച്ചത്. കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാര്‍ വില്ലയില്‍ ഇഎം നസ്ന നല്കിയ പരാതിയലാണ് വിധി.
2018ലായിരുന്നു കേസിനാസ്പദമായ സംഭവം. ബാംഗളൂരില്‍ നിന്ന് മണാലിയിലേക്കുളള വിമാനത്തിലായിരുന്നു നസ്നക്കും ഭര്‍ത്താവിനും പോകേണ്ടിയിരുന്നത്. ഇതിനായി എറണാകുളത്തുനിന്നും കോഴിക്കോടുവഴി ബാംഗളൂരുവിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇരുവരും ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു. എറണാകുളത്തുനിന്നും രാത്രി 10 മണിക്ക് കോഴിക്കോട് എത്തേണ്ട ബസ് രാത്രി മണിക്കൂറുകളോളം വൈകിയാണ് എത്തിയത്. പുതിയ ഡ്രൈവറായതുകാരണം റൂട്ട് അറിയാത്തതും പ്രശ്നമായി. കോഴിക്കോടുനിന്നുളള യാത്രയില്‍ വഴി തെറ്റുകയും ചെയ്തിരുന്നു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്രക്കാരാണ് വഴികാട്ടി കാണിച്ചുകൊടുത്തത്. മൈസൂരുവില്‍ എത്തിയപ്പോഴേക്കും ബസ് നാലുമണിക്കൂറോളം വൈകിയിരുന്നു. ഇതോടെ യുവതിയും ഭര്‍ത്താവും മൈസൂരുവില്‍ ഇറങ്ങി ടാക്സി വിളിച്ച് ബാംഗളൂരൂവിലേക്ക പോയി.
എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. ഇതോടെ മറ്റൊരു വിമാനത്തിലാണിവര് ഡല്‍ഹിയിലെത്തിയത്. അവിടെ നിന്ന് നേരത്തേ ബുക്കുചെയ്തിരുന്ന ട്രാവല്‍ ഏജന്റിന്റെ സഹായത്തോടെ മണാലിയിലേക്ക് പോവുകയായിരുന്നു. തിരികെ നാട്ടിലെത്തിയ യുവതി കെഎസ് ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ പരിഗണിച്ചില്ല. ഇതേതുടര്‍ന്നാണ് ലോക് അദാലത്തില്‍ പരാതി നല്‍കിയത്. ടാക്സി വിളിക്കേണ്ടി വന്നതും മറ്റൊരു വിമാനത്തില്‍ പോകേണ്ടി വന്നതുംകാരണം തനിക്ക് നേരിട്ട സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി യുവതി ലോക് അദാലത്തിനെ സമീപിക്കുകയായിരുന്നു.
കെഎസ് ആര്‍ടിസി എംഡി, ഡിടിഒ, ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. അദാലത്ത് ചെയര്മാന് വി.പ്രകാശ്, അംഗങ്ങളായ എംടി രാജന്‍നായര്‍, ബി വേണുഗോപാല്‍ എന്നിവരാണ് തീര്‍പ്പ് കല്‍പ്പിച്ചത്. മൂന്നുമാസത്തിനകം പണം നല്‍കണമന്നും പരാതിക്കാരിക്ക് കോടതിയില്‍ ചെലവായ 5000രൂപയും തിരികെ നല്‍കണമെന്നും വിധിയില്‍ പറയുന്നു.

