റീട്ടെയില്‍ ഭീമന്മാര്‍ക്കിടയിലുമുള്ള മത്സരം മുറുകുന്നു: ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കല്‍ കരാര്‍ നീട്ടി റിലയന്‍സ്

ന്യൂഡല്‍ഹി: ആമസോണിന്റെ നിയമ ഇടപെടലിനെ തുടര്‍ന്ന് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള കരാര്‍ റിലയന്‍സ് ആറ് മാസത്തേയ്ക്കു നീട്ടി. ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ പ്രവര്‍ത്തനത്തിന് വേണ്ട സഹായം നല്‍കാനും റിലയന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഫ്യൂച്ചറിനെ റിലയന്‍സ് ഏറ്റെടുക്കാനുള്ള നീക്കത്തെ ആമസോണ്‍ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. കാലാവധി നീട്ടിയതു കൂടാതെ ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ പ്രവര്‍ത്തനത്തിന് വേണ്ട സഹായം നല്‍കാനും റിലയന്‍സ് തീരുമാനിച്ചിട്ടുണ്ട്.ആമസോണ്‍ നല്‍കിയ പരാതിയിലാണ് അന്തിമ ഉത്തരവ് വരുന്നതുവരെ ഇടപാട് നിര്‍ത്തിവെക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, രാജ്യത്തെ നിയമത്തിന് അനുസൃതമായും വ്യക്തമായ നിയമോപദേശം ലഭിച്ചതനുസരിച്ചുമാണ് ഫ്യൂച്വര്‍ റീറ്റെയ്‌ലുമായി കരാറിലെത്തിയതെന്ന ശക്തമായ പ്രസ്താവനയുമായി മുന്നോട്ട് പോകുകയാണ് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ്. ഫ്യൂച്ചര്‍ ഗ്രൂപ്പുമായി വൈകാതെ തന്നെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു വെല്ലുവിളിച്ചിരിക്കുകയാണ് റിലയന്‍സ്.

ഫ്യൂച്ചര്‍ കൂപ്പണിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുക വഴി ബിഗ് ബസാര്‍ അടങ്ങുന്ന ഫ്യൂച്ചര്‍ റീറ്റൈയ്‌ലിന്റെ അഞ്ച് ശതമാനം ഓഹരി ആമസോണ്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ ഫ്യൂച്ചര്‍ സംരംഭങ്ങളുടെ വില്‍പ്പനയില്‍ ആദ്യ അവകാശം ആമസോണിനാണെന്ന് കരാറില്‍ വ്യവസ്ഥയുള്ളതായാണ് ബെസോസ് ടീം ചൂണ്ടിക്കാട്ടുന്നത്. കമ്പനി ഇതേ പോയ്ന്റ് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചിട്ടുള്ളതും. എന്നാല്‍, ഫ്യൂച്ചര്‍ കൂപ്പണുമായുള്ള കരാര്‍ ആണ് അതെന്നും അതിന് ഫ്യൂച്ചര്‍ റീറ്റെയ്‌ലുമായി ബന്ധമില്ലെന്നുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വാദം. അതോടൊപ്പം റിലയന്‍സുമായുള്ള ഇടപാട് നടക്കാതെ വന്നാല്‍ ഫ്യൂച്ചര്‍ റീറ്റെയ്‌ലിന് ഉണ്ടാകുന്ന തിരിച്ചടി കനത്തതാകുമെന്നും കമ്പനി പറയുന്നു. റീറ്റെയ്‌ലിന്റെ കീഴിലുള്ള ബിഗ് ബസാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം തന്നെ പൂട്ടേണ്ടി വരുമെന്നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് കോടതിയെ അറിയിച്ചിട്ടുള്ളത്. 29,000ത്തോളം വരുന്ന തങ്ങളുടെ ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്നും കമ്പനി പ്രതിനിധികള്‍അറിയിച്ചിട്ടുണ്ട്.

റിലയന്‍സിന്റെ ഏറ്റെടുക്കല്‍ നടപടി സംബന്ധിച്ച തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അംബാനി ഗ്രൂപ്പ്. പുതിയ കരാറില്‍ ഒപ്പു വയ്ക്കുന്നതോടെ രാജ്യത്തെ റീറ്റെയ്ല്‍ ബിസിനസില്‍ കുത്തക സ്ഥാപിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് റിലയന്‍സ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ നിയമോപദേശം സ്വീകരിച്ചശേഷമാണ് കരാറുണ്ടാക്കിയതെന്നും അതുമായി മുന്നോട്ടുപോകുമെന്നും റിലയന്‍സ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജെഫ് ബെസോസ് ആകട്ടെ കട്ടയ്ക്ക് തന്നെ പോരിനിറങ്ങിയിട്ടുണ്ട്. ബെസോസ് എന്ന വമ്പന്‍ സ്രാവായതിനാല്‍ തന്നെ റിലയന്‍സിന്റെ നീക്കത്തിന്റെ അന്തിമ ഫലം എന്താകുമെന്നതാണ് ഇപ്പോള്‍ വ്യവസായ ലോകത്ത് ചര്‍ച്ച.

റിലയന്‍സുമായുള്ള ഇടപാട് സാധ്യമാക്കി തങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക വനിതാദിനത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിലെ വനിതാ ജോലിക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നല്‍കിയിരുന്നു. 24713 കോടി രൂപയുടേതാണ് ഫ്യൂച്ചര്‍ റിലയന്‍സ് ഇടപാട്. മേയോടെ ഇടപാട് പൂര്‍ത്തീകരിക്കാനായിരുന്നു ഇരുവരുടേയും നീക്കം. എന്നാല്‍ ആമസോണിന്റെ ഇടപെടലോടെ ഇതു സാധ്യമാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. ഈ മാസം 15നാണ് ദേശീയ കമ്പനി ട്രിബ്യൂണല്‍ കേസ് വീണ്ടും പരിഗണിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →