ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് 8/03/21 തിങ്കളാഴ്ച തുടക്കം. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സമ്മേളനം. രണ്ടാംഘട്ട സമ്മേളനത്തില്‍ 2021-22 വര്‍ഷത്തേയ്ക്കുള്ള വിവിധ ഗ്രാന്റുകള്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. നിരവധി ബില്ലുകളും സര്‍ക്കാര്‍ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. രാജ്യസഭ രാവിലെ 9 മണി മുതല്‍ 12 മണി വരെയും ലോകസഭ 4 മണി മുതല്‍ 10 മണിവരെയുമാണ് ചേരുന്നതെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.
ഏപ്രില്‍ എട്ടിനാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെക്ഷന്‍ അവസാനിക്കുന്നത്. ജനുവരി 29 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യസെക്ഷന്‍ ഫെബ്രുവരി 29 നാണ് അവസാനിച്ചത്. ഫെബ്രുവരി ഒന്നിനായിരുന്നു ബജറ്റ്. കൊവിഡ് മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ബജറ്റ് സമ്മേളനം നടക്കുക.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്‍, നാഷനല്‍ ബാങ്ക്, ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്മെന്റ് ബില്‍, ഇലക്ട്രിസിറ്റി ഭേദഗതി ബില്‍, ക്രിപ്റ്റോ കറന്‍സി ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിയന്ത്രണ ബില്‍ എന്നീ ബില്ലുകള്‍ പാസാക്കാനായി സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.