വയനാട്: ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. പി.സി ജോര്‍ജ് വര്‍ഗീയ നിലപാടുകളെടുക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ പ്രസിഡന്റ് പി നൗഷാദും ജനറല്‍ സെക്രട്ടറി ബെന്നി മുണ്ടുങ്കലും അറിയിച്ചു.
ജനപക്ഷത്തിന് മലബാറില്‍ ആദ്യം നിലവില്‍ വന്ന ജില്ലാ കമ്മിറ്റിയാണ് വയനാട്ടിലേത്. പി.സി ജോര്‍ജ്ജിന്റെ സാന്നിധ്യത്തിലാണ് വയനാട് കമ്മിറ്റി നിലവില്‍ വന്നത്. വൈസ് പ്രസിഡന്റ് പി.ബി ജോസഫ്, സെക്രട്ടറി ടോണി ജോണി, ജില്ലാ നേതാക്കളായ ബിനീഷ് മന്നാക്കാട്, പി.സി ലിനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനപക്ഷം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേരും.
കടുത്ത വര്‍ഗീയവാദിയായി മാറിയ പി.സി ജോര്‍ജ്ജിന്റെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് അപമാനകരമാണെന്ന് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയ നെറികേടുകളുടെ ആള്‍ രൂപമായി ജോര്‍ജ്ജ് അധപതിച്ചെന്നും അവര്‍ ആരോപിച്ചു.