തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയാണ് സര്‍ക്കാരിനെതിരായ മൊഴി നല്‍കിപ്പിച്ചതെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി. സ്വപ്നയുടെ മകളെ വെച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും എംഎ ബേബി പറഞ്ഞു. 06/03/21 ശനിയാഴ്ച തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിനു മുന്നിലെ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു എംഎ ബേബി.
എന്‍ഫോഴ്‌സ്‌മെന്റിനെയും കസ്റ്റംസിന്റെയും എന്‍ഐഎയുടെയും കസ്റ്റഡിയില്‍ വെച്ച് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിലൊന്നും പുറത്തുവരാത്ത മൊഴി തെരഞ്ഞെടുപ്പ് കാലത്ത് വന്നതില്‍ ദുരൂഹതയുണ്ടെന്ന് എംഎ ബേബി ആരോപിച്ചു. 32 ദിവസമാണ് മൂന്ന് ഏജന്‍സികളും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. ഈ 32 ദിവസവും സ്വപ്ന സുരേഷ് ഇങ്ങനെ ഒരു ഏറ്റുപറച്ചില്‍ നടത്തിയിട്ടില്ല. സ്വപ്‌നയെ ഭീഷണിപ്പെടുത്തുകയും പ്രലോഭിക്കുകയും ചെയ്തിട്ടുണ്ടെന്നും എംഎ ബേബി ആരോപിച്ചു.
പിണറായി വിജയന്‍ പെട്ടന്ന് പാരച്യൂട്ടില്‍ വന്നിറങ്ങിയ ആളല്ല. അദ്ദേഹം നിരവധി പോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന ആളാണെന്നും എംഎ ബേബി പറഞ്ഞു. സംഘപരിവാറിന്റെ പിന്‍പാട്ടുകാരായി കോണ്‍ഗ്രസ് മാറുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.