കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം അതീവ രൂക്ഷമായ സാഹചര്യത്തില്‍ കുവൈറ്റ് ശക്തമായ നടപടികളിലേക്ക് കടക്കുന്നു. കര്‍ഫ്യൂ നടപടികളില്‍ പോലീസിനെ സഹായിക്കാന്‍ ദേശീയ ഗാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് താരിക് അല്‍മുസ്‌റം പറഞ്ഞു. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മലയാളികള്‍ അടക്കമുളള പ്രവാസികള്‍ക്ക് തിരിച്ചടിയായി. കര്‍ഫ്യൂ സമയങ്ങളില്‍ പളളികളിലേക്ക് നിര്‍ബ്ബന്ധ നമസ്‌കാരങ്ങള്‍ക്ക് നടന്നുപോകാന്‍ അനുമതിയുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളും കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റുകളും രാവിലെ 5 മുതല്‍ വൈകിട്ട 5 വരെ പ്രവര്‍ത്തിക്കും.
ടാക്‌സികള്‍ക്ക് രണ്ട് യാത്രക്കാരെ കയറ്റാന്‍ മാത്രമാണ് അനുമതി. പബ്ലിക്ക് സ്ഥലങ്ങളിലെ ഇരുപ്പിടങ്ങളും പാര്‍ക്കുകളും അടയ്ക്കും. എല്ലാത്തരത്തിലുമുളള യോഗങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു. ഞായറാഴ്ച മുതല്‍ കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സലൂണുകള്‍ക്കും ഹെല്‍ത്ത് ക്ലബ്ബുകള്‍ക്കും പ്രവര്‍ത്തിക്കാം. അതേസമയം നിലവിലെ സാഹചര്യമുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തിക കാര്യ സമിതിയെ നിയോഗിക്കാനും തീരുമാനമായി.