ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോല്‍ വില 75 രൂപയില്‍ താഴെയാവുമെന്നും സര്‍ക്കാര്‍ കൊളളലാഭം എടുക്കുകയാണെന്നും സാമ്പത്തിക വിദഗ്ദര്‍

മുംബൈ: ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍ വില 75 രൂപയിലും ഡീസല്‍ 68 രൂപയില്‍ താഴൈയാവുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദര്‍. ഇതിലൂടെ സംസ്ഥാനത്തിനും കേന്ദ്രത്തിനും കൂടിയുണ്ടാകുന്ന റവന്യൂ നഷ്ടം ലക്ഷം കോടി രൂപ മാത്രമായിരിക്കുമെന്നും, ഈ തുക രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 0.4 ശതമാനം മാത്രമാണെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര അസംസ്‌കൃത എണ്ണവില ബാരലിന് 60 ഡോളറും, ഡോളറുമായുളള രൂപയുടെ വിനിമയ നിരക്ക് 73 രൂപയും ആയിരിക്കുമ്പോഴുമാണ് പെട്രോള്‍വില ഈ നിലവാരത്തില്‍ കൊണ്ടുവരാന്‍ കഴിയൂ എന്നും അവര്‍ വ്യക്തമാക്കി.

28 ശതമാനം ജിഎസ്ടി സ്ലാബില്‍ ഉള്‍‌പ്പെടുത്തിയാലും പെട്രോളിനെ ഈ വിലയിലെത്തിക്കാം. നിലവില്‍ ഇന്ധനത്തിന് വാറ്റ് അല്ലെങ്കില്‍ വില്‍പ്പന നികുതിയാണ് ചുമത്തുന്നത്. ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്ഥമായതിനാലാണ് രാജ്യത്തെ ചില പോക്കറ്റുകളില്‍ പെട്രോള്‍ വില 100 കടന്നത്. ഇന്ധനത്തിന്മേലുളള നികുതി സംസ്ഥാനങ്ങളുടെ വലിയ വരുമാനമാര്‍ഗ്ഗമായതുകൊണ്ട് അത് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ മടിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ലോകത്തുതന്നെ ഏറ്റവും കൂടിയ ഇന്ധനവിലയുളള രാജ്യമാണ് ഇന്ത്യ. വാറ്റും വില്‍പ്പന നികുതിയും കൂടാതെ പ്രത്യേക സാഹചര്യങ്ങളില്‍ സെസ് ,സര്‍ചാര്‍ജ് എന്നിവയും ഇന്ധനത്തില്‍ ചുമത്തുന്ന സാഹചര്യമുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണയുടെ വില ഒരുഡോളര്‍ കൂടിയാല്‍ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 50 പൈസയും ഡീസല്‍വില ഒന്നര രൂപയും കൂടുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം അസംസ്‌കൃത എണ്ണവില കൂടുന്നതിനേക്കാള്‍ കുറയുന്നതാണ് സര്‍ക്കാരുകള്‍ക്ക് കൊളളലാഭമായി മാറുന്നത്. ബാരലിന് 10 ഡോളര്‍ കുറഞ്ഞാല്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതിരിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും 18,000 കോടി ലാഭിക്കാം.10 ഡോളര്‍ വര്‍ദ്ധിച്ചാല്‍ 9000 കോടിയാണ് ലാഭം .പാചകവാതകത്തിന് ഘട്ടംഘട്ടമായി സബ്‌സിഡി കൂട്ടിനല്‍കി ദരിദ്രരെ വന്‍വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കണമെന്നും സാമ്പത്തിക വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.

Share
അഭിപ്രായം എഴുതാം