ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതുള്‍പ്പടെയുള്ള വാഹനസംബന്ധമായ 15 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി റോഡ് ഗതാഗത മന്ത്രാലയം. ഗതാഗത മന്ത്രാലയത്തിന്റെ പോര്‍ട്ടലിലൂടെ ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാം.ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ്/വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിലാസം മാറ്റം തുടങ്ങിയ സേവനങ്ങളാണ് ഇങ്ങനെ ലഭ്യമാക്കുന്നത്. ആര്‍.ടി. ഓഫീസില്‍ പോകാതെതന്നെ ആധാര്‍ ഉപയോഗിച്ച് വിവിധ സേവനങ്ങള്‍ നല്‍കാനുള്ള സംവിധാനമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ച് സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും ലഭ്യമാക്കാന്‍ ഇതുപകരിക്കും.
ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നേരത്തേ സംവിധാനമൊരുക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു 18 സേവനങ്ങള്‍ ആര്‍.ടി. ഓഫീസില്‍ നേരിട്ടുചെല്ലാതെ ഓണ്‍ ലൈനായി ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍, സമ്പര്‍ക്കരഹിത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഗതാഗത വകുപ്പ് ഓഫീസ് സന്ദര്‍ശിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ആധാര്‍ പ്രാമാണീകരണം നിര്‍ബന്ധമാക്കിയത്. കൂടാതെ ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും വ്യാജരേഖകള്‍ ഉപയോഗിച്ച് ഒന്നിലധികം ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നത് തടയുന്നതിനും ഈ ആധാര്‍ പ്രാമാണീകരണം സഹായിക്കും

