ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസുകളുടെ ഉള്ളടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. പരമ്പരാഗത സിനിമാകാഴ്ച സങ്കല്‍പങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. ആളുകള്‍ ഇന്റര്‍നെറ്റില്‍ സിനിമ കാണുന്നത് സര്‍വസാധാരണമായിരിക്കുന്നു. അതിനാല്‍ ഇവയെല്ലാം പരിശോധിക്കപ്പെടേണ്ടേ? എന്നതായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര കോടതിയെ അറിയിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനായി ഒരു ബോര്‍ഡും രൂപീകരിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അതോടെ, പുതിയ നിയമങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ബെഞ്ച് സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു. ഒടിടി റിലീസുകളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന കാഴ്ചപ്പാട് തന്നെയാണ് തങ്ങള്‍ക്കുള്ളത്. ചില പ്ലാറ്റ്ഫോമുകള്‍ പോണോഗ്രഫി പോലും കാണിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ‘താണ്ഡവ്’ വെബ്‌സീരീസിനെതിരായ കേസില്‍ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ആമസോണ്‍ പ്രൈം കൊമേഴ്സ്യല്‍ മേധാവി അപര്‍ണ പുരോഹിത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.ഹര്‍ജിയില്‍ നാളെയും വാദം തുടരും.