തിരുവനന്തപുരം: കൊയ്‌തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത് തടയുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്ഥാനത്തെ പാടശേഖരങ്ങളില്‍ നിന്നും കൊയ്‌തെടുത്ത നെല്ല് പൂര്‍ണ്ണമായും സംഭരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി 04/03/21 വ്യാഴാഴ്ച അറിയിച്ചു. നെല്ല് കെട്ടിക്കിടക്കുന്നത് തടയാനായി സിവില്‍ സപ്ലൈസ്, കൃഷി മന്ത്രിമാര്‍ ചേര്‍ന്ന് സപ്ലൈകോ, പാഡി ഉദ്യോഗസ്ഥര്‍ക്ക് സംഭരണത്തിന് അടിയന്തിര നിര്‍ദ്ദേശങ്ങള്‍ നല്‍കി. നെല്ലുസംഭരണം ഉറപ്പുവരുത്തുന്നതിനായി ഇന്നലെ സംസ്ഥാന ജില്ലാ തലങ്ങളില്‍ അടിയന്തിരയോഗങ്ങളും ചേര്‍ന്നിരുന്നു.
നെല്ല് കെട്ടിക്കിടക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയരുന്ന ഘട്ടത്തില്‍ സ്വകാര്യനെല്ലുടമകള്‍ക്കെതിരെ മന്ത്രി വിഎസ് സുനില്‍ കുമാര്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. നെല്ലിന് ഈര്‍പ്പം കൂടുതലാണെന്നും ഗുണനിലവാരമില്ലെന്നും പറഞ്ഞ് സ്വകാര്യമില്ലുടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതാണ് മിക്കയിടത്തും നെല്ലുസംഭരണം മുടങ്ങാന്‍ ഇടയാക്കിയതെന്ന് മന്ത്രി വിമര്‍ശിച്ചു.
വിളവെടുപ്പ് കഴിഞ്ഞ് കുറച്ചുദിവസമാകുമ്പോള്‍ നെല്ലിന്റെ തൂക്കംകുറയും. ഇതിനായി ചില നെല്ലുടമകള്‍ വൈകിയുള്ള നെല്ല് സംഭരണത്തിന് നീക്കം നടത്തുന്നതാണ് നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്രതിസന്ധിയെന്ന് മന്ത്രി പറയുന്നു. ഇത്തരം ആളുകളാണ് പ്രശ്‌നം ഗുരുതരമാക്കുന്നതെന്നും മന്ത്രി പറയുന്നു.
പ്രധാനമായും തൃശ്ശൂര്‍, കോട്ടയം ജില്ലകളിലാണ് വ്യാപകമായി നെല്ല് സംഭരണത്തില്‍ വീഴ്ച്ച സംഭവിക്കുന്നത്. ആവശ്യമെങ്കില്‍ ഈ ജില്ലകളിലെ പാടശേഖരങ്ങളില്‍ നേരിട്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയായും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വകാര്യമില്ലുടമകള്‍ക്കെതിരെ കോട്ടയത്ത് കര്‍ഷകര്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു.