സാന്റിയാഗോ: അന്റാർട്ടിക്കയിലെ അതി വിസ്തൃതമായ ഒരു ഹിമപാളി തകർന്നതായി ഗവേഷകർ വെളിപ്പെടുത്തി. ബ്രിട്ടീഷ് ഗവേഷണ കേന്ദ്രത്തിനടുത്തുള്ള ഏതാണ്ട് ഗ്രേറ്റർ ലണ്ടന്റെ വലുപ്പമുള്ള ഹിമപാളിയാണ് അന്റാർട്ടിക്ക് ഹിമപാളിയിൽ നിന്ന് വിഘടിച്ചതെന്ന് ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിലെ ഗവേഷകർ ഫെബ്രുവരി 26 ന് അറിയിച്ചു.
150 മീറ്റർ കട്ടിയുള്ള ബ്രണ്ട് ഐസ് ഷെൽഫിൽ നിന്ന് 1,270 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഭാഗം അടർന്നു നീങ്ങിയതായി ഗവേഷണ സംഘം അറിയിച്ചു. ഹിമപാളിയിൽ വൻ വിള്ളലുകൾ ഉണ്ടായതായി ശാസ്ത്രജ്ഞർ നേരത്തേ സ്ഥിരീകരിച്ചിരുന്നു.
“26/02/2021 വെള്ളിയാഴ്ച രാവിലെ മഞ്ഞുമല പൂർണ്ണമായും പൊട്ടിത്തെറിക്കുന്നതിനുമുമ്പ് ഐസ് വിള്ളലിന്റെ വീതി നൂറുകണക്കിന് മീറ്റർ കൂടിയിരുന്നു” ബി എ എസ് ഡയറക്ടർ ജെയ്ൻ ഫ്രാൻസിസ് പറഞ്ഞു. ആഗോള താപനം മൂലം അന്റാർട്ടിക്കയിലെ ഹിമപാളികൾ അതിവേഗതയിൽ ഇല്ലാതാകുകയാണെന്നാണ് സമീപകാല പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത്.