സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയ സംഭവം അന്വേഷണം തമിഴ്‌നാട്ടിലേക്കും

കോഴിക്കോട്‌: ട്രെയിനില്‍ നിന്ന്‌ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌ നാട്ടിലേക്ക്‌ വ്യാപിപ്പിച്ച്‌ പോലീസ്‌. സ്‌ഫോടക വസ്‌തുക്കള്‍ കടത്തിയ തിരുവണ്ണാമല സ്വദേശിനി രമണിയെന്ന യുവതിയെ ചെന്നൈ -മംഗലാപുരം സൂപ്പര്‍ഫാസറ്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ നിന്ന്‌ 28.02.2021 ഞായറാഴ്ച പിടികൂടിയിരുന്നു. 117 ജലാറ്റിന്‍ സ്‌റ്റിക്കുകളും 350 ഡിറ്റനേറ്ററുകളുമാണ്‌ യുവതിയില്‍ നിന്നും പിടികൂടിയത്‌. കിണര്‍ പണിക്കായി തലശേരിയിലേക്ക്‌ കൊണ്ടുപോകുകയാണെന്ന്‌ യുവതി മൊഴി കൊടുത്തിരുന്നു.

എന്നാല്‍ അത്‌ എത്രത്തോളം ശരിയാണെന്നും യുവതിക്ക്‌ ഇത്ര അധികം സ്‌ഫോടക വസ്‌തുക്കള്‍ എവിടെനിന്ന്‌ ലഭിച്ചുവെന്നും അന്വേഷിക്കുന്നുണ്ട്. തലശേരിയിലും തമിഴ്‌നാട്ടിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. യുവതിയുടെ സ്വദേശമായ തിരുവണ്ണാമല അടക്കമുളള ഇടങ്ങളിലാണ്‌ അന്വേഷണം. രമണിയുടെ തമിഴ്‌നാട്ടിലേയും കേരളത്തിലേയും ബന്ധങ്ങള്‍, സ്‌ഫോടക വസ്‌തുക്കള്‍ ലഭിച്ചത്‌ എവിടെനിന്ന്,‌ ആര്‍ക്ക്‌ കൈമാറാനാണ്‌ കൊണ്ടുവന്നത്‌, തുടങ്ങിയവയാണ്‌ പ്രധാനമായും പരിശോധിക്കുന്നത്‌.

സ്ഫോടക വസ്‌തു കടത്തുമായി ബന്ധപ്പെട്ട്‌ അസ്വാഭാവികമായ വിവരങ്ങള്‍ ഒന്നും ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. കേരളാ സ്‌പെഷല്‍ ബ്രഞ്ച്‌, ഇന്റലിജന്റ്‌സ്‌ ബ്യൂറോ, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികളും സ്ഫോടകവസ്‌തു കടത്ത്‌ സംബന്ധിച്ച പ്രഥമിക അന്വേഷണം നടത്തുന്നുണ്ട് . ചൂടു കൂടിയതോടെ കേരളത്തില്‍ കിണര്‍ നിര്‍മ്മാണം ആരംഭിക്കുന്ന കാലമാണിത്‌. ജലാറ്റിന്‍ സ്‌റ്റിക്കുകളും ഡിറ്റനേറ്ററുകളും തമിഴ്‌ നാട്ടില്‍ എളുപ്പത്തില്‍ ലഭിക്കും എന്നതിനാലാവും അവിടെ നിന്ന്‌ കടത്തിയതെന്നാണ്‌ ഇന്റലിജന്‍സ് സംഘത്തിന്റെ പ്രാഥമിക നിഗമനം. എങ്കിലും വിശദമായ പരിശോധന നടത്തി ഇതിനു പിന്നില്‍ മറ്റുലക്ഷ്യങ്ങളില്ലെന്ന്‌ ഉറപ്പാക്കാനാണ്‌ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →