അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, പഞ്ചസാര, പാൽ, ചായ, ഉപ്പ്, ഉരുളക്കിഴങ്ങ്, സവാള, തക്കാളി എന്നിവയുൾപ്പെടെ 22 അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ഉദ്ദേശിച്ചുള്ള ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായി. രാജ്യത്തൊട്ടാകെയുള്ള സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പുകളിലെ, വില റിപ്പോർട്ട് ചെയ്യുന്ന 127 കേന്ദ്രങ്ങളിൽ നിന്ന്, ചില്ലറ – മൊത്ത വിൽപ്പന വിലകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അപ്ലിക്കേഷനിൽ ലഭിക്കും.
2021 ജനുവരി 1 നാണ് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം മൊബൈൽ ആപ്പ് പുറത്തിറക്കിയത്.
വിലകളിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോഴും അടിയന്തിര സാഹചര്യങ്ങളിലും, വില നിയന്ത്രിക്കുന്നതിനായി ആവശ്യമെങ്കിൽ കരുതൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനും, കയറ്റുമതി-ഇറക്കുമതി നയം സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനുമാണ്, വിലകളുടെ ദൈനംദിന റിപ്പോർട്ടുകളും പ്രവണതകളും വിശകലനം ചെയ്യുന്നത്.
വില റിപ്പോർട്ടിംഗ് കേന്ദ്രങ്ങൾ ദിനംപ്രതി വിലകൾ ശേഖരിക്കുന്ന കടകളുടെ പേരും വിലാസവും പോലുള്ള വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇത് ഓഫീസിൽ ലഭ്യമായ സമകാലികമല്ലാത്ത വിവരങ്ങള്‍ റിപ്പോർട്ടുചെയ്യുന്നത് ഒഴിവാക്കുന്നു.
ചില്ലറ വില റിപ്പോർട്ടിംഗിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒരേ ചരക്കുകളുടെ വിലകൾ മൂന്ന് വിപണികളിൽ നിന്ന് ശേഖരിക്കണം. ഉയർന്ന വരുമാന വിപണി, മധ്യ വരുമാന വിപണി, കുറഞ്ഞ വരുമാന വിപണി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വിലകളുടെ ശരാശരിയാണ് റിപ്പോർട്ടു ചെയ്യേണ്ടത്. ശരാശരി വില കണക്കാക്കാനും റിപ്പോർട്ടുചെയ്യാനും മൊബൈൽ അപ്ലിക്കേഷനിൽ സംവിധാനമുണ്ട്.
നാഫെഡ്, ട്രേഡ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിപണി വിവരങ്ങളും വില വിശകലനത്തിന് പരിഗണിക്കും.

