ആദിവാസി ഫണ്ട്‌ വകമാറ്റരുതെന്ന്‌ ഹൈക്കോടതി

കൊച്ചി: ആദിവാസി സമുദായങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ട്‌ വകമാറ്റരുതെന്ന്‌ ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കി. ഫണ്ട്‌ അനുവദിച്ച ആവശ്യങ്ങള്‍ക്കുമാത്രമേ വിനിയേഗിക്കുന്നുളളുവെന്ന്‌ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു. മലപ്പുറം, വയനാട്‌, തൃശൂര്‍, എറണാകുളം ജില്ലകളിലെ ആദിവാസി കോളനികളില്‍ അവശ്യസേവനങ്ങള്‍ എത്തിക്കുന്നതില്‍ വീഴ്‌ചയുണ്ടെന്നും, നടപടി വേണമെന്നും ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികളിലാണ്‌ കോടതിയുടെ ഉത്തരവ്‌. കല്‍പ്പറ്റയിലെ നീതിവേദിയടക്കമുളളവര്‍ സമര്‍‌പ്പിച്ച ഹര്‍ജികളാണ്‌ ചീഫ്‌ ജസ്‌റ്റീസ്‌ എസ്‌ മണികുമാര്‍ ജസ്‌റ്റീസ്‌ ഷാജി പി .ചാലി എന്നിവരടങ്ങുന്ന ബെഞ്ച്‌ പരിഗണിച്ചത്‌.

വീട്‌,സ്ഥലം, കുടിവെളളം, വൈദ്യുതി, ഭക്ഷണം, മെഡിക്കല്‍ സൗകര്യങ്ങള്‍, അങ്കണവാടി തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കളക്ടര്‍മാരുടെ റിപ്പോര്‍ട്ട്‌ തേടിയ കോടതി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ കാര്യമായ പുരോഗതി ഉളളതായി വിലയിരുത്തി. വിവിധ ആവശ്യത്തിനനുവദിച്ച പണം കൈമാറാനുണ്ടെങ്കില്‍ ഒരു മാസത്തിനകം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസിനുളള ടിവി, ലാപ്‌ടോപ്പ്‌ . മൊബൈല്‍ ഫോണ്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. വീട്‌ നിര്‍മ്മാണം ലൈഫ്‌ മിഷനിലൂടെ ഉറപ്പാക്കണം. കോളനികളില്‍ ഹെല്‍ത്ത സെന്ററുകള്‍ ഇല്ലെങ്കില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പോരായ്‌മകള്‍ മൂന്നുമാസത്തിനുളളില്‍ പരിഹരിച്ച്‌ റിപ്പോര്‍ട്ട നല്‍കാനും വീഴ്‌ചവരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന്‌ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →