ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്ന് സുപ്രീം കോടതി. ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ അവഗണിച്ച് യോഗ്യതയില്ലാത്തവരെ പൊതു തൊഴിലിടങ്ങളിലേക്ക് പരിഗണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റീസുമാരായ എല്‍.നാഗേശ്വര രാവു, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രകാരം 43 പേരെ നിയമിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിന് അനുമതി നല്‍കിയ റാഞ്ചി ഹൈക്കോടതി വിധി അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വീക്ഷണം.
2008ലാണ് ഝാര്‍ഖണ്ഡ് ആഭ്യന്തര വകുപ്പ് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. തുടര്‍ന്ന് അന്തിമ ഫലം പ്രസിദ്ധീകരിക്കുകയും 382 പേരെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമന നടപടികളില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതോടെ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയമിച്ചു. ഇതിനിടെ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ റാഞ്ചി ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചു. ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ യഥാര്‍ത്ഥ സെലക്ഷന്‍ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ 42 ഉദ്യോഗാര്‍ത്ഥികളുടെ നിയമനം സര്‍ക്കാര്‍ റദ്ദാക്കി. പകരം ക്രമക്കേടുകള്‍ പരിഹരിച്ച് ഉന്നതതല സമിതി നല്‍കിയ ശിപാര്‍ശപ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ 43 പേരെ നിയമിക്കുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്ത് ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയെങ്കിലും നിയമനം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെ ഒരു വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പരിശോധിച്ചത്.

