ഫറോക്ക്: ഭര്‍തൃ വീട്ടില്‍ നിന്ന് അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബുധനാഴ്‌ച മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഉച്ചയോടെ കരുവന്‍തിരുത്ത ജുമാമസ്‌ജിദില്‍ ഖബറടക്കി. മഞ്ഞപ്പിത്തബാധയാണെന്നും എന്നാല്‍ അതിലേക്ക് നയിച്ചത് എന്താണെന്ന് കൃത്യമായി അറിയാന്‍ ആന്തരീകാവയവങ്ങള്‍ പരിശോധനക്കയക്കുമെന്നും കൊണ്ടോട്ടി പോലീസ് പറഞ്ഞു.
ഫറോക്ക കരുവന്‍ തുരുത്തി നെടുംപുറം വീട്ടില്‍ പരേതനായ വി മുഹമ്മദിന്‍റെ മകള്‍ സൈഫുന്നീസ(37) യുടെ മരണത്തിലാണ് സംശയം പ്രകടിപ്പിച്ച സഹോദരന്‍ അന്‍വര്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്‌ച രാത്രി പത്തരയോടെയാണ് സൈഫുന്നീസ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഭക്ഷണം കഴിക്കാനാവാതെ ഛര്‍ദ്ദി കൂടുതലായതോടെയാണ് സൈഫൂന്നീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അവശ നിലയിലായ യുവതിയുടെ ആന്തരീകാവയവങ്ങള്‍ തകരാറിലായതായും പറയുന്നു. വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്‌തു അകത്ത് ചെന്നതാണ് മരണകാരണമെന്ന് ഡോക്ടര്‍മാരുടെ സംശയമാണ് ബന്ധുക്കള്‍ പരാതി നല്‍കാന്‍ കാരണം. ഏതോ പ്രത്യേക പാനീയം ഭര്‍ത്താവ് നിര്‍ബ്ബന്ധിച്ച് കുടിപ്പിച്ചിരുന്നതായി യുവതി പറഞ്ഞിരുന്നതും ബന്ധുക്കളുടെ സംശയം ബലപ്പെടുത്തി. പരാതിയെ തുടര്‍ന്ന് തഹസീല്‍ദാറുടെ മേല്‍ നോട്ടത്തിലാണ് പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

