ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചും പുകഴ്ത്തിയുമുള്ള വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ ഇനി സമരം ചെയ്യുന്ന കര്‍ഷകര്‍ തയ്യാറാവില്ലെന്നും അതുകൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ എന്നും ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി നേതാക്കള്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തെറ്റിദ്ധാരണ പരത്താന്‍ എന്തെല്ലാം ചെയ്യണമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഒരു യോഗത്തില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
‘ബിജെപി ഇനി നമ്മുടെ വാദങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുന്ന ഒരു മാനസികാവസ്ഥയിലല്ല ഉള്ളത്. അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇനി വേണ്ടത്. അതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കൂ’, എന്നാണ് ബിജെപി നേതാക്കള്‍ വീഡിയോയില്‍ തപറയുന്നത്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ ഒപി ദിനകര്‍ അടക്കം പങ്കെടുത്ത ഗുര്‍ഗാവോണിലെ യോഗത്തില്‍ വെച്ചായിരുന്നു നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കായിക മന്ത്രി സന്ദീപ് സിങ്, എംപി ബ്രിജേന്ദ്ര സിങ് തുടങ്ങിയവരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നെന്ന് വീഡിയോയില്‍ വ്യക്തമാക്കി. വീഡിയോയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
‘കര്‍ഷകരെ വിഡ്ഢികളാക്കാനുള്ള വിദ്യകള്‍ പറഞ്ഞുതരൂ എന്നാണ് ബിജെപി മന്ത്രിമാരും എംപിമാരും പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നത്. തങ്ങളുടെ വാദങ്ങളൊന്നും കേള്‍ക്കാന്‍ ബിജെപി തയ്യാറാവില്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു. പകരം കര്‍ഷകരെ വിഡ്ഢികളാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതാണ് ബിജെപിയുടെ യഥാര്‍ത്ഥ മുഖം’, സുര്‍ജേവാല വിമര്‍ശിച്ചു.