കൊച്ചി: സ്ഥാനാര്‍ഥികളായി സമുദായ വിരുദ്ധരെ പരിഗണിക്കരുതെന്ന ആവശ്യവുമായി ചങ്ങനാശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിര്‍ണയിക്കണം. 23/02/21 ചൊവ്വാഴ്ച ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
1951ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നെഹ്‌റു പിസിസികള്‍ക്ക് കത്തയച്ചത് മാതൃകയാക്കണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു. ‘നിയമസഭയിലേക്ക് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ ന്യൂനപക്ഷ പ്രാധിനിധ്യം ഉറപ്പാക്കണമെന്നും ന്യൂനപക്ഷ സമുദായങ്ങളുമായി ആലോചിച്ച് അവരുടെ വിശ്വാസം ആര്‍ജ്ജിച്ചവരെമാത്രം സ്ഥാനാര്‍ത്ഥികളാക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് 1951ല്‍ അന്ന് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികള്‍ക്ക് കത്തയക്കുകയുണ്ടായി. ന്യൂനപക്ഷങ്ങളുടെ പ്രാധിനിധ്യം സംബന്ധിച്ചുള്ള നെഹ്‌റുവിന്റെ ഈ വിശാല വീക്ഷണം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഏറെ പ്രോത്സാഹ ജനകമായിരുന്നു. ഈ സ്ഥാനാര്‍ത്ഥികള്‍ ബന്ധപ്പെട്ട സമുദായത്തിന്റെ വിശ്വാസ മാര്‍ജ്ജിച്ചവരായിരിക്കണമെന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു’, ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാണിക്കുന്നു.
ഇതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അത് ഇങ്ങനെ, ‘കാരണം, സമുദായ വിരുദ്ധ നിലപാടുകളും ആദര്‍ശമുള്ളവര്‍ സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നത് സമുദായത്തിന് നന്മചെയ്യില്ലെന്ന് മാത്രമല്ല, ആപത്കരവുമായിരിക്കും. വിശ്വാസം കൊണ്ടും ജീവിതം കൊണ്ടും സമുദായത്തോട് കൂറില്ലാത്തവരും ശത്രുതാ മനോഭാവത്തോടെ വിമര്‍ശിക്കുന്നവരുമായ ചില സമുദായാഗംങ്ങള്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ വളര്‍ത്തുന്ന സമുദായ വിരുദ്ധത ഏവര്‍ക്കും തിരിച്ചറിയാവുന്നതാണ്’. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ വിശാല വീക്ഷണം ഇന്നത്തെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തിരുന്നെങ്കില്‍… എന്ന ആഗ്രഹ പ്രഖ്യാപനത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.