ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയാവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടി രൂപം കൊണ്ട പുതിയ തടാകം ആശങ്കയുണ്ടാക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തില്‍ രൂപം കൊണ്ട തടാകത്തിന്റെ അതിര്‍ഭിത്തികള്‍ ഇടിയാനിടയായാല്‍ കെട്ടി നില്‍ക്കുന്ന ജലം അതിശക്തമായൊഴുകി മറ്റൊരു ദുരന്തത്തിനിടയാക്കിയേക്കുമെന്നാണ് വിവരം. തപോവനിന് അഞ്ച് കിലോമീറ്റര്‍ മുകളിലായാണ് തടാകം രൂപം കൊണ്ടത്. അതേസമയം, തടാകത്തില്‍ നിന്നുണ്ടാകാനിടയുള്ള അപകടസാധ്യതയുടെ വ്യാപ്തി അറിയുന്നതിന് തടാകത്തിന്റെ ആഴമളക്കാന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ പ്രത്യേകസംഘമെത്തി. എക്കോ സൗണ്ടര്‍ ഉപയോഗിച്ചായിരുന്നു തടാകത്തിന്റെ ആഴമളക്കല്‍. വ്യോമസേനയുടെ സഹായത്തോടെയായിരുന്നു പരിശോധന. ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച ഹൈറെസല്യൂഷന്‍ ചിത്രങ്ങളുടെ സഹായത്തോടെയാണ് തടാകത്തിന്റെ സ്ഥാനവും വിസ്താരവും കൃത്യമായി കണക്കാക്കാക്കിയത്. ഈ ഭാഗത്തുള്ള റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായതിനാല്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് നാവികസേനാംഗങ്ങള്‍ തടാകത്തിനരികെയെത്തിയത്. കെട്ടി നില്‍ക്കുന്ന വെള്ളത്തിന്റെ ആഴമളന്നാല്‍ മാത്രമേ അതില്‍ നിന്നുളവാകാനിടയുള്ള മര്‍ദത്തെ കുറിച്ചുള്ള കൃത്യമായ കണക്ക് ലഭ്യമാകൂ.
