ഹൂസ്റ്റണ്‍: ചരിത്രത്തിലെ തന്നെ ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അമേരിക്കയിലെ ടെക്സാസ് പ്രവിശ്യ ഒറ്റപ്പെടുന്നു. ടെക്സാസില്‍ വീശിയടിച്ച ശീത കൊടുങ്കാറ്റില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയിലാണ് ടെക്സാസ് ഇപ്പോള്‍. -18 ഡിഗ്രി സെല്‍ഷ്യസാണ് പ്രദേശത്തെ താപനില.ശീതക്കാറ്റിന് പിന്നാലെ മഞ്ഞിലും ഐസിലും പൂര്‍ണ്ണമായും മൂടപ്പെട്ട നിലയിലാണ് ടെക്സാസ്.
തുടര്‍ച്ചയായ മൂന്നാം ദിനമാണ് ടെക്സാസില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നത്. 1.2 കോടി ജനങ്ങളുള്ള മേഖലയില്‍ കുടിവെള്ള വിതരണവും വൈദ്യുതിയും നിലച്ചിട്ടുണ്ട്. ടെക്സാസിലെ നൂറ് കൗണ്ടികളിലാണ് സ്ഥിതി ഗുരുതരമായത്. ഈയാഴ്ചയുടനീളം കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.തണുപ്പില്‍ നിന്നും രക്ഷ നേടാനായി ഹീറ്ററുകളും മറ്റു സൗകര്യങ്ങളും ആളുകള്‍ അമിതമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വൈദ്യുതിക്കും ക്ഷാമം നേരിടുകയാണ്.പ്രസിഡന്റ് ജോ ബൈഡന്‍ ടെക്സാസിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് നേരത്തെ തന്നെ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

