ന്യൂഡൽഹി: രാജ്യത്ത് നിലവിലുണ്ടാകുന്ന പെട്രോള്‍ വില വര്‍ധനവ് കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിന്റെ ഫലമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജ ഇറക്കുമതി കുറയ്ക്കാന്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ധന വില സാധാരണക്കാരന് ബാധ്യതയാകില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായി പെട്രോള്‍ വില ഉയരുന്നതിനെതിരെ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം രാജ്യത്ത് ഇന്ധനവില വ്യാഴാഴ്ച(18/02/21)യും വര്‍ധിപ്പിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിനവും ഇന്ധന വില വര്‍ധിച്ചിരിക്കുകയാണ്.
ഫെബ്രുവരിയില്‍ മാത്രം ഇത് 12 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഈ മാസം മാത്രം പെട്രോളിന് 3.52 രൂപയും ഡീസലിന് 3.92 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ആദ്യമായി ലിറ്ററിന് 90 രൂപ പിന്നിട്ടു. കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 90 രൂപ 04 പൈസയും ഡീസലിന്റെ വില 86 രൂപ 27 പൈസയുമാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 76 പൈസയും ഡീസലിന് 86 രൂപ 26 പൈസയുമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വര്‍ധിക്കുന്നതോടെ സാധാരണക്കാരന്‍ ഏറെ പ്രതിസന്ധിയിലാണ്. ഇന്ധന വില വരുംദിവസങ്ങളിലും വര്‍ധിക്കുമെന്ന സൂചനകളാണ് കമ്പനികള്‍ നല്‍കുന്നത്.