പച്ചാളത്ത് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: എറണാകുളം പച്ചാളത്ത് ടാറ്റാ ഓയില്‍ കമ്പനിക്ക് നല്‍കിയ സ്ഥലം ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനിയില്‍നിന്ന് തിരിച്ചെടുക്കണമെന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിനെതിരായ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്. കമ്പനി പ്രവര്‍ത്തിക്കുന്നതിന് അനിവാര്യമെന്ന് വിലയിരുത്തി നേരത്തേ കമ്പനിക്ക് വിട്ടുനല്‍കിയ 47 ഏക്കര്‍ സ്ഥലം തിരിച്ചുപിടിക്കാനുളള ഉത്തരവിനെതിരായ ഹര്‍ജിയിലാണ് ഈ മാസം 22 വരെ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റീസ് ടിവി അനില്‍കുമാറിന്റെ ഇടക്കാല ഉത്തരവ്.

ഭൂമി ഏറ്റെടുത്ത റവന്യൂ അധികൃതര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മഹസര്‍ തയ്യാറാക്കുകയും ചെയ്ത അവസ്ഥയാണ് ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുളളത്. ഏറെ നാളത്തെ നടപടികള്‍ക്കൊടുവില്‍ 2020 സെപ്തംബറിലാണ് മിച്ചഭൂമിയെന്ന നിലയില്‍ ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ കൈവശമുളള ഭൂമി തിരിച്ചുപിടിക്കാന്‍ ലാന്‍ഡ്‌ബോര്‍ഡിന്റെ ഉത്തരവുണ്ടായത്. കമ്പനിയുടെ പ്രവര്‍ത്തനത്തിന് നല്‍കിയ ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച് വില്‍ക്കുന്നതായും മറ്റും ആരോപണം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ 12നാണ് ഇതിനെ ചോദ്യം ചെയ്ത് യൂനിലിവര്‍ കോടതിയിലെത്തിയത്. ഇതിന് തൊട്ട് തലേന്ന് സര്‍ക്കാര്‍ ഭൂമിയെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഉത്തരവിന്‍റെ പേരില്‍ നിര്‍ബ്ബന്ധിച്ച് നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി വീണ്ടും 15 ന് പരിഗണിക്കവെ ഭൂമി 11ന് ഏറ്റൈടുത്തതായി അഡീണല്‍ അഡ്വെക്കേറ്റ് ജനറല്‍ അറിയിച്ചു. ഇത് സംബന്ധിച്ച മഹസറും തയ്യാറാക്കി . മൂന്നാംകക്ഷിയുടെ കൈവശമാണ് വസ്തുവിന്‍റെ ഒരു ഭാഗമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. രേഖകള്‍ ലഭ്യമായാല്‍ ഹര്‍ജി ഉടന്‍ തീര്‍പ്പാക്കണമെന്ന ആവശ്യം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഉന്നയിച്ചു. ഒരാഴ്ചക്കകം രേഖകള്‍ നല്‍കാമെന്ന ലാന്‍ഡ് ബോര്‍ഡ് അറിയിച്ചു. തുടർന്നാണ് തല്‍സ്ഥിതി തുടരാനും രേഖകള്‍ ലഭിച്ചാല്‍ കേസ് വീണ്ടും പരിഗണിക്കാനും ഉത്തരവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →